മാത്യു സാമുവല്‍ രാജ്യദ്രോഹി: മേജര്‍ രവി
Kerala News
മാത്യു സാമുവല്‍ രാജ്യദ്രോഹി: മേജര്‍ രവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th May 2025, 5:50 pm

കോഴിക്കോട്: യുദ്ധ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങളും വ്‌ളോഗേഴ്‌സും ജാഗ്രത പാലിക്കണമെന്ന് മേജര്‍ രവി. ഇന്ത്യ-പാക് സംഘര്‍ഷത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പുറത്ത് വിട്ട മലയാളി വ്‌ളോഗറായ മാത്യു സാമുവലിന്റെ യൂട്യൂബ് വീഡിയോ നീക്കം ചെയ്തത് ചൂണ്ടിക്കാണിച്ചാണ് മേജര്‍ രവിയുടെ പ്രതികരണം.

ജനങ്ങളെ ഭീതിപ്പെടുത്തുന്നതോ അവരുടെ മനോധൈര്യം തകര്‍ക്കുന്നതോ ആയ വാര്‍ത്തകള്‍ കൊടുക്കരുതെന്നും ഈ സാഹചര്യത്തില്‍ നാം സൈന്യത്തെ സപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടതെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. മലയാളി വ്‌ളോഗറായ മാത്യു സാമുവലിന്റെ വീഡിയോയാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി പിന്‍വലിച്ചത്.

മാത്യു സാമുവല്‍ തന്റെ ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ എയര്‍മാര്‍ഷലിനെ അറിയാമെന്നും താന്‍ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു, സംസാരിച്ചിരുന്നു തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ പറഞ്ഞത് തെറ്റായ വിവരമാണമെന്ന് മേജര്‍ രവി അവകാശപ്പെട്ടു. അദ്ദേഹത്തോടൊപ്പം 1885 ബാച്ചില്‍ അക്കാദമിയില്‍ നിന്ന് പാസായ ആളാണ് നിലവിലെ ജമ്മു കശ്മീര്‍ ജനറല്‍ സുജീന്ദര്‍.

ഇദ്ദേഹത്തെ നിലവിലെ സാഹചര്യം അറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് മാത്യു സാമുവല്‍ അവകാശപ്പെട്ടത്. എന്നാല്‍ ഒരു യുദ്ധം നടക്കുന്ന സമയത്ത് ഇവരെ വിളിച്ച് ന്യൂസില്‍ ആളാവാന്‍ വേണ്ടി എന്താണ് അവിടെ നടക്കുന്നതെന്ന് ചോദിക്കാന്‍ കഴിയുമോയെന്നും അതൊരിക്കലും സാധിക്കില്ലെന്നും മേജര്‍ രവി പറഞ്ഞു.

ഇദ്ദേഹത്തെപ്പോലെ നുണ പറയുന്ന ഒരു വ്യക്തിയെ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം ഒരു രാജ്യദ്രോഹിയാണെന്നും മേജര്‍ രവി പറഞ്ഞു. അയാള്‍ എയര്‍മാര്‍ഷലിനെ വിളിച്ചു, കണ്ടു എന്നൊക്കയാണ് പറയുന്നതെന്നും എന്നാല്‍ അത് വ്യാജമാണെങ്കില്‍പോലും അങ്ങനെ വിളിച്ച് ചോദിക്കുന്നത് വലിയ ഒരു സുരക്ഷ ലംഘനമാണെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി.

അഞ്ച് റാഫേല്‍ വിമാനങ്ങല്‍ വെടിവെച്ചിട്ടുണ്ടെന്ന് സാമുവല്‍ വീഡിയോയില്‍ പറഞ്ഞതിനേയും അദ്ദേഹം വിമര്‍ശിച്ചു. ഇതെന്താ കളിപ്പാട്ടമോ മറ്റോയാണോ വെടിവെച്ചിടാന്‍ എന്നാണ് ഈ വാദത്തെക്കുറിച്ച് മേജര്‍ രവി ചോദിച്ചത്. രാജ്യത്തെ ജനങ്ങള്‍ ചോര നീരാക്കി ഡിഫന്‍സ് ഫോഴ്‌സിലേക്ക് കൊടുത്തതാണ് റാഫേല്‍ വിമാനങ്ങളെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ഉള്ളതാണെന്നും എന്നാല്‍ ഇത്തരം യൂട്യൂബര്‍മാര്‍ പബ്ജി കളിക്കുന്ന ലാഘവത്തോടെയാണ് ഇത്തരം കാര്യങ്ങല്‍ പറയുന്നതെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു.

പണത്തിന് വേണ്ടി എന്തും ചെയ്യുന്നയാളാണ് ഈ യൂട്യൂബറെന്നും മേജര്‍ രവി പറയുന്നുണ്ട്. ഇയാളുടെ വീഡിയോ ആരംഭിക്കുമ്പോള്‍ ചാനല്‍ വിപുലീകരിക്കുന്നതിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇയാള്‍ക്ക് പണം അയച്ച് കൊടുക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ഭാവിയില്‍ ഇയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമടക്കമുള്ള കേസുകള്‍ വന്നാല്‍ പണം അയച്ച് കൊടുക്കുന്നവരും കുടുങ്ങുമെന്നും മേജര്‍ രവി പറഞ്ഞു.

യുദ്ധത്തിന്റെ സമയത്ത് വാര്‍ത്ത കൊടുക്കുമ്പോള്‍ സെന്‍സേഷണല്‍, ബ്രേക്കിങ് എന്ന് പറഞ്ഞ് കൊടുക്കുന്ന വാര്‍ത്തകള്‍ പലതും രാജ്യത്തിന് തന്നെ ദോഷമായി വരുമെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് നാം എല്ലാവരും ഒറ്റക്കെട്ടായി സൈന്യത്തിന് പിന്നില്‍ അണിനിരക്കുകയാണ് വേണ്ടത്. അവരാണ് നമ്മളെ കാത്തുസൂക്ഷിക്കുന്നത്. അവിടെ രാഷ്ട്രീയം പാടില്ലെന്നും നാട് എന്നൊരു വികാരം മാത്രമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം ചെയ്യാനായി ലോകരാജ്യങ്ങളോട് സഹായം ചോദിച്ച പാകിസ്ഥാനേയും മേജര്‍ രവി വിമര്‍ശിച്ചു. അവര്‍ എന്ത് വിഢിത്തരമാണ് ചെയ്യുന്നതെന്നും ഏതെങ്കിലും ലോകരാജ്യങ്ങള്‍ അവര്‍ക്ക് യുദ്ധം ചെയ്യാന്‍ പൈസ കൊടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. അതിനാല്‍ തന്റെ അഭിപ്രായത്തില്‍ രണ്ട് മൂന്ന് ദിവസങ്ങല്‍ക്കുള്ളില്‍ അവരുടെ പക്കലുള്ള പൈസ മുഴുവന്‍ തീരുമെന്നും നേതാക്കന്മാര്‍ നാട് വിട്ട് ഓടുമെന്നും മേജര്‍ രവി പരിഹസിച്ചു.

യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് പറയുന്നവരേയും മേജര്‍ രവി വിമര്‍ശിക്കുന്നുണ്ട്. ഏപ്രില്‍ 22ന് പഹല്‍ഗാം ഭീകരാക്രമണമുണ്ടായപ്പോള്‍ ഇവരെല്ലാം എന്താണ് ഒരു വാക്ക് പോലും പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു.

ഇങ്ങനെ പറയുന്നവരുടെ മനസിലെ നികൃഷ്ടതയാണ് സമാധാനമായി പുറത്ത് വരുന്നതെന്നും മേജര്‍ രവി പറഞ്ഞു. ഇത്തരക്കാരുടെ മനസില്‍ സമാധാനം അല്ല ഉള്ളതെന്നും വര്‍ഗീയതയും വിദ്വേഷവും മാത്രമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റാത്തതുപോലെ നമ്മുടെ രാജ്യത്തുള്ള വിഷ വിത്തുക്കളാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Major Ravi calls Mathew Samuel a traitor; Those who say peace is needed, not war, are vile in heart