ന്യൂദല്‍ഹി: നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകള്‍ക്ക് പിന്നാലെ, രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശന പരീക്ഷയായ സി.യു.ഇ.ടി യു.ജി (CUET-UG 2026)യിലും വന്‍ വീഴ്ച. സാങ്കേതിക തകരാറുകളും ഭരണപരമായ ആശയക്കുഴപ്പങ്ങളും കാരണം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാനാകാതെ വലഞ്ഞത്.
ശനിയാഴ്ച ഒമ്പത് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ പലയിടങ്ങളിലും രണ്ട് മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയ 3,765 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു.
പരീക്ഷാ നടത്തിപ്പില്‍ സഹകരിക്കുന്ന ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടി.സി.എസ്) ഭാഗത്തുണ്ടായ സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു.
നോയ്ഡ സെക്ടര്‍ 64ലെ പരീക്ഷാ കേന്ദ്രത്തില്‍ ശനിയാഴ്ച രാവിലെ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത നീതിനിഷേധമാണ് നേരിടേണ്ടി വന്നത്. രാവിലെ ഏഴ് മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിച്ച് ബയോമെട്രിക് വിവരങ്ങള്‍ നല്‍കി കാത്തിരുന്ന വിദ്യാര്‍ത്ഥികളോട് സെര്‍വര്‍ തകരാറിലാണെന്ന് മാത്രമാണ് അധികൃതര്‍ പറഞ്ഞത്.
മണിക്കൂറുകളോളം അനിശ്ചിതത്വം തുടര്‍ന്നതിനുശേഷം, 11:30ഓടെ യാതൊരു വിശദീകരണവുമില്ലാതെ വിദ്യാര്‍ത്ഥികളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. പുറത്തുപോകാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികളെ ബൗണ്‍സര്‍മാര്‍ ഭീഷണിപ്പെടുത്തുകയും ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്തതായും പരാതിയുണ്ട്.
ഇതിന് പിന്നാലെ പരീക്ഷാ കേന്ദ്രത്തിന് പുറത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ പ്രതിഷേധം നടത്തി.
രാവിലത്തെ സെഷനിലെ തകരാര്‍ കാരണം ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷകളുടെ സമയവും പുനഃക്രമീകരിച്ചു. മൂന്ന് മണിക്ക് തുടങ്ങേണ്ട പരീക്ഷ നാല് മണിക്കാക്കി മാറ്റി.
ദല്‍ഹി, ബെംഗളൂരു, കാണ്‍പുര്‍, അംബാല, വാരണാസി, ജോധ്പുര്‍ എന്നീ നഗരങ്ങളിലും സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സമാനമായ ദുരനുഭവം നേരിടേണ്ടി വന്നു.
പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് എ.ന്‍.ടിഎ അറിയിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്ക് പരിഹാരമായി കൊണ്ടുവന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ രീതിയും (സി.ബി.ടി) പരാജയപ്പെട്ടത് സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പരീക്ഷാ സുതാര്യതയില്‍ ‘സീറോ ടോളറന്‍സ്’ നയം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ കടുക്കുകയാണ്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിന്റെ പരാജയത്തിനെതിരെ രംഗത്തെത്തി.
ബിരുദപ്രവേശനത്തിനുള്ള പൊതുപരീക്ഷയ്ക്ക് പുറമെ, യു.പിയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) പരീക്ഷകളും സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രയാഗ്‌രാജില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജി.ടി റോഡ് ഉപരോധിച്ചു.
Content Highlight: Major lapse in the conduct of CUET UG exam, the undergraduate entrance exam to central universities