ഐ.സി.സി ലോകകപ്പുകളില്‍ വമ്പന്‍ മാറ്റങ്ങള്‍; ടി-20യും ഏകദിനവും ഇനി ഇങ്ങനെ
Cricket
ഐ.സി.സി ലോകകപ്പുകളില്‍ വമ്പന്‍ മാറ്റങ്ങള്‍; ടി-20യും ഏകദിനവും ഇനി ഇങ്ങനെ
ശ്രീരാഗ് പാറക്കല്‍
Wednesday, 15th July 2026, 7:39 pm

ഐ.സി.സിയുടെ പുരുഷ ഏകദിന ലോകകപ്പിന്റെയും ടി-20 ലോകകപ്പിന്റെയും ഫോര്‍മാറ്റുകളില്‍ വന്‍ മാറ്റം. മത്സരങ്ങളുടെ നിലവാരം ഉയര്‍ത്തുക, ടൂര്‍ണമെന്റുകളുടെ മത്സരഘടന ശക്തിപ്പെടുത്തുക, കളിക്കാര്‍ക്കും ആരാധകര്‍ക്കും മികച്ച അനുഭവം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഐ.സി.സി പുതിയ മാറ്റങ്ങള്‍ വരുത്തിയത്.

ഏകദിന ലോകകപ്പില്‍ എന്തൊക്കെ മാറ്റങ്ങള്‍?

പുരുഷ ഏകദിന ലോകകപ്പില്‍ ഇനി നാല് ഘട്ടങ്ങളായിരിക്കും മത്സരങ്ങള്‍ നടക്കുക. നിലവിലെ ഫോര്‍മാറ്റിലേക്ക് ‘സൂപ്പര്‍ സീരീസ്’ എന്ന പുതിയൊരു റൗണ്ട് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടൂര്‍ണമെന്റില്‍ ആകെ 14 ടീമുകള്‍ പങ്കെടുക്കും. 2019, 2023 ലോകകപ്പുകളില്‍ 10 ടീമുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവസാനമായി 14 ടീമുകള്‍ പങ്കെടുത്തത് 2015 ലോകകപ്പിലായിരുന്നു. ആദ്യ ഘട്ടത്തില്‍ റാങ്കിങ്ങില്‍ 12, 13, 14 സ്ഥാനങ്ങളിലുള്ള ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. ഇവരില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീം രണ്ടാം റൗണ്ടിലേക്ക് മുന്നേറും. ഇതിനൊപ്പം ശേഷിക്കുന്ന 11 ടീമുകളും രണ്ടാം ഘട്ടത്തില്‍ ഉണ്ടാകും.

രണ്ടാം റൗണ്ടിൽ ആകെ 12 ടീമുകളെ ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി വിഭജിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് സ്ഥാനക്കാർ

രണ്ടാം റൗണ്ടില് ആറ് പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകള് ഉണ്ടായിരിക്കും, ഓരോ ഗ്രൂപ്പില് നിന്നും മികച്ച മൂന്ന് ടീമുകളും അടുത്ത ഏറ്റവും ഉയര്ന്ന സ്ഥാനക്കാരായ ടീമും (രണ്ട് ഗ്രൂപ്പുകളിലെയും ഒന്ന്) റൗണ്ട് റോബിന് സൂപ്പര് 7ന് യോഗ്യത നേടും.

മുന്‍ ഫോര്‍മാറ്റിലെ സൂപ്പര്‍ 6-ന് പകരമായാണ് സൂപ്പര്‍ 7 എന്ന റൗണ്ട്. സെമിഫൈനലിലേക്ക് യോഗ്യത നേടാനുള്ള നിര്‍ണായക ഘട്ടമാകും ഇത്. ഓരോ മത്സരത്തിനും പ്രാധാന്യം നല്‍കുകയെന്നതാണ് ഐ.സി.സിയുടെ ലക്ഷ്യം.

സൂപ്പര്‍ 7 റൗണ്ടിലെ ആദ്യ നാല് സ്ഥാനക്കാര്‍ സെമിഫൈനലിലേക്ക് കടക്കും. സെമിഫൈനലില്‍ ഒന്നാം സ്ഥാനക്കാരന്‍ നാലാം സ്ഥാനക്കാരനെയും, രണ്ടാം സ്ഥാനക്കാരന്‍ മൂന്നാം സ്ഥാനക്കാരനെയും നേരിടും.

ടി20 ലോകകപ്പ് ഫോര്‍മാറ്റിലെ പുതിയ മാറ്റം

ഐ.സി.സി ടി-20 ലോകകപ്പില്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്തിലേക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ ഉയര്‍ന്ന് വരുന്ന ക്രിക്കറ്റ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

20 ടീമുകളെ ഇനി അഞ്ച് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിലും നാല് ടീമുകള്‍ വീതമായിരിക്കും ഉണ്ടാകുക. മുന്‍ ഫോര്‍മാറ്റില്‍ നാല് ഗ്രൂപ്പുകളിലായി അഞ്ച് ടീമുകള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്.

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും. നിലവിലെ സൂപ്പര്‍ 8 റൗണ്ടിന് പകരം ഇനി ‘സൂപ്പര്‍ 10’ റൗണ്ടായിരിക്കും ഉണ്ടാകുക. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായിരിക്കും ഇതില്‍.

ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് സെമിഫൈനലിലേക്ക് യോഗ്യത നേടും. തുടര്‍ന്ന് ഐ.പി.എല്‍ മാതൃകയില്‍ രണ്ട് എലിമിനേറ്റര്‍ മത്സരങ്ങള്‍ നടക്കും. ഒരു ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരന്‍ എതിര്‍ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരനെ നേരിടും.

ഈ രണ്ട് എലിമിനേറ്റര്‍ മത്സരങ്ങളിലെ വിജയികള്‍ സെമിഫൈനലിലേക്ക് മുന്നേറും. തുടര്‍ന്ന് രണ്ട് സെമിഫൈനലുകളും തുടര്‍ന്ന് ഫൈനലും നടക്കും.

2028 ടി-20 ലോകകപ്പിലേക്കുള്ള യോഗ്യതാ ഘടനയിലും മാറ്റം

2028 ടി-20 ലോകകപ്പിലേക്കുള്ള യോഗ്യതയിലും ഐ.സി.സി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 2026 പതിപ്പില്‍ അവസാന നിമിഷം ബംഗ്ലാദേശിന് പകരം ടൂര്‍ണമെന്റില്‍ ഇടം നേടിയ സ്‌കോട്‌ലാന്‍ഡിന് യൂറോപ്പ് റീജിയണല്‍ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

2026 ലോകകപ്പില്‍ കളിച്ചെങ്കിലും 2028 പതിപ്പിലേക്ക് നേരിട്ട് യോഗ്യത നേടാന്‍ കഴിയാത്ത ടീമുകള്‍ ഗ്ലോബല്‍ ക്വാളിഫയര്‍ വഴി കടന്നുപോകേണ്ടിവരും. ഗ്ലോബല്‍ ക്വാളിഫയറിലെ ശേഷിക്കുന്ന എട്ട് സ്ഥാനങ്ങള്‍ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, അമേരിക്കാസ്, ഈസ്റ്റ് ഏഷ്യ-പസഫിക് മേഖലകളിലെ റീജിയണല്‍ യോഗ്യതാ മത്സരങ്ങളിലൂടെ നികത്തും.

ഓരോ റീജിയണിലേയും ഒന്നാം സ്ഥാനക്കാരനും, അതിന് പുറമെ മികച്ച മൂന്ന് ടീമുകളും 2028 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടും. നേരത്തെ തന്നെ നേരിട്ട് യോഗ്യത നേടിയ 12 ടീമുകള്‍ക്കൊപ്പം ഇവരും ചേര്‍ന്ന് ആകെ 20 ടീമുകളാകും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.

ഐ.സി.സിയുടെ ഡെവലപ്‌മെന്റ് കമ്മിറ്റിയും ചീഫ് എകസിക്യൂട്ടീവ്‌സ് കമ്മിറ്റിയും ശുപാര്‍ശ ചെയ്ത ഈ മാറ്റങ്ങള്‍ക്ക് വാര്‍ഷിക യോഗത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും, നവംബറില്‍ ചേരുന്ന ഐ.സി.സിയുടെ ഫിനാന്‍സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ അന്തിമ അംഗീകാരം ലഭിച്ചതിന് ശേഷമേ ഇവ ഔദ്യോഗികമായി നിലവില്‍ വരൂ.

Content Highlight: Major changes to the formats of the ICC Men’s ODI World Cup and T20 World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ