കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളെ അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് പൊലീസ് കസ്റ്റഡിയിലെടുത്തതായി തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) എം.പി മഹുവ മൊയ്ത്ര.
നാദിയ ജില്ലയിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള ഒമ്പത് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് മഹുവ ആരോപിക്കുന്നത്. കൊണ്ടഗാവ് ജില്ലയിലെ പൊലീസിനെതിരെയാണ് ടി.എം.സി എം.പിയുടെ പ്രതികരണം.
ജൂലൈ 12ന് അല്‍ബേഡ പാഡ മേഖലയില്‍ നിന്ന് ഛത്തീസ്ഗഡ് പൊലീസ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഒരു സ്വകാര്യ സ്‌കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ തൊഴിലാളികള്‍ക്കെതിരായ നടപടി ‘ഛത്തീസ്ഗഡ് സര്‍ക്കാരും പൊലീസും സ്‌പോണ്‍സര്‍ ചെയ്ത തട്ടിക്കൊണ്ടുപോകല്‍’ ആണെന്ന് മഹുവ വിമര്‍ശിച്ചു. തൊഴിലാളികളുടെ കൈവശം സാധുവായ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരിക്കെയാണ് നിയമനടപടിയെന്നും എം.പി ആരോപിച്ചു.
ബി.എന്‍.എസ് സെക്ഷന്‍ 128 പ്രകാരമാണ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. വാറണ്ടുകളില്ലാതെയാണ് തൊഴിലാളികളെ ഛത്തീസ്ഗഡ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും മഹുവ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് മഹുവയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഓഫീസ്, ഛത്തീസ്ഗഢ് പൊലീസ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് മഹുവയുടെ പോസ്റ്റ്.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ‘ഗുരുതരമായ ലംഘനം’ ആണ് ഛത്തീസ്ഗഡ് പൊലീസ് നടത്തിയിരിക്കുന്നത്. നടപടി ഇന്ത്യന്‍ പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും ഏത് തൊഴിലിലും ഏര്‍പ്പെടാനുള്ള അവകാശത്തെയും നിഷേധിക്കുന്നുവെന്നും മഹുവ പറഞ്ഞു.
ഒമ്പത് തൊഴിലാളികളെയും വിട്ടയച്ചതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇവരെ സംസ്ഥാനം വിടാന്‍ പൊലീസ് നിര്‍ബന്ധിച്ചതായും മഹുവ ആരോപിച്ചു.
അതേസമയം പതിവ് പരിശോധനകളുടെ ഭാഗമായാണ് ബംഗാളി തൊഴിലാളികളോട് സംസാരിച്ചതെന്നും സാധുവായ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കസ്റ്റഡി നടപടിയെന്നും കൊണ്ടഗാവ് പൊലീസ് സൂപ്രണ്ട് അക്ഷയ് കുമാര്‍ പറഞ്ഞു.
എസ്.ഡി.എമ്മിന് മുമ്പില്‍ ഹാജരാക്കുന്നതിനായാണ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതെന്നും പരിശോധനക്ക് ശേഷം ഒമ്പത് പേരെയും വിട്ടയച്ചെന്നും പൊലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് ദി സ്റ്റേറ്റ്‌മെന്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളികളോട് മോശമായി പെരുമാറുകയോ തടങ്കലില്‍ വെക്കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.