വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിനെതിരെ 20 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്ത ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീൽ.
മാസങ്ങളോളം ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ കഴിയേണ്ടി വന്നതിനും തന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനസമയത്ത് കൂടെയുണ്ടാകാൻ സാധിച്ചില്ലെന്നും ട്രംപ് ഭരണകൂടത്തിന്റെ നടപടി തന്റെ പേരിന് കളങ്കം വരുത്തിയെന്നും ദുരുദ്ദേശ പൂർവം തന്നെ തടങ്കലിൽ വെച്ചെന്നും അദ്ദേഹം വിമർശിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE), ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് എന്നിവരെ പ്രതികളാക്കിയാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന് ആക്ടിവിസ്റ്റുകളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ കഴിയില്ലെന്ന് തന്റെ തീരുമാനം തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദി അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ ഖലീൽ പറഞ്ഞു.
‘അവർ അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്നത് ഞങ്ങളെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്നതിനാലാണ്. ആരും പ്രതികരിച്ചില്ലെങ്കിൽ അത് നിയന്ത്രിക്കപ്പെടാതെ തുടരും,’ഖലീൽ പറഞ്ഞു. തന്റെ ഹരജിയിൽ ജയിക്കുകയാണെങ്കിൽ ലഭിക്കുന്ന പണം ട്രംപ് അടിച്ചമർത്താൻ ശ്രമിച്ച മറ്റ് ആക്ടിവിസ്റ്റുകളെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിറിയയിലെ ഡമാസ്കസിൽ ഫലസ്തീൻ മാതാപിതാക്കൾക്ക് ജനിച്ച ഖലീൽ, 2023 ഒക്ടോബറിൽ ഗസയിൽ ഇസ്രഈൽ യുദ്ധം ആരംഭിച്ചതിനുശേഷം യു.എസിലെ ഫലസ്തീൻ ഐക്യദാർഢ്യ പ്രസ്ഥാനത്തിന്റെ മുഖമായിരുന്നു.
കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഗസയിലെ വംശഹത്യക്കെതിരായ പ്രതിഷേധ ക്യാമ്പുകളിൽ പ്രധാന പങ്കാളിയായിരുന്നു മഹ്മൂദ് ഖലീൽ. ജനുവരിയിൽ അധികാരമേറ്റയുടൻ, ട്രംപ് ഫലസ്തീൻ ആക്ടിവിസ്റ്റുകളെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരായ ട്രംപിന്റെ നടപടികളിലെ ആദ്യത്തെ പ്രധാന അറസ്റ്റായിരുന്നു ഖലീൽ. ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വെച്ചായിരുന്നു ഖലീലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അദ്ദേഹത്തെ ന്യൂയോർക്കിൽ നിന്ന് ന്യൂജേഴ്‌സിയിലേക്കും പിന്നീട് ലൂസിയാനയിലേക്കും മാറ്റി. നാടുകടത്തലിന് മുന്നോടിയായി ജെനയിലെ ലാസാലെ തടങ്കൽ കേന്ദ്രത്തിൽ തടവിലാക്കി. ജൂൺ 20 ന് ന്യൂജേഴ്‌സിയിലെ ഒരു ജഡ്ജി ഖലീലിനെ മോചിപ്പിക്കാൻ ഉത്തരവിട്ടു.
Content Highlight: Mahmoud Khalil files $20m claim against Trump for wrongful detention