ആശാ സമരം മഹിളാ കോണ്‍ഗ്രസ് ഏറ്റെടുക്കും: ജെബി മേത്തര്‍ എം.പി
Kerala News
ആശാ സമരം മഹിളാ കോണ്‍ഗ്രസ് ഏറ്റെടുക്കും: ജെബി മേത്തര്‍ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd October 2025, 7:32 am

തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കണെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി മഹിളാ കോണ്‍ഗ്രസ്. ആശമാരുടെ സമരം മഹിളാ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റും കോണ്‍ഗ്രസ് എം.പിയുമായ ജെബി മേത്തര്‍ പറഞ്ഞു.

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ സര്‍ക്കാരും സി.പി.ഐ.എമ്മും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാണ് ജെബി മേത്തര്‍ ആവശ്യപ്പെട്ടത്. ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് ചെയ്ത ആശാവര്‍ക്കര്‍മാരെ പൊലീസ് മനപൂര്‍വം ആക്രമിക്കുകയായിരുന്നുവെന്നും ജെബി മേത്തര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കരുതെന്ന സാമാന്യ തത്വം പൊലീസ് ലംഘിച്ചെന്നും സ്ത്രീകളോടുള്ള മുഖ്യമന്ത്രിയുടെ സമീപനമാണ് ആശമാരോടും കാണിക്കുന്നതെന്നും ജെബി മേത്തര്‍ കുറ്റപ്പെടുത്തി.

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ആശാ വര്‍ക്കര്‍മാരുടെ ദയനീയത കാണാതെ പോകുന്നതെന്നും ജെബി മേത്തര്‍ ചോദിച്ചു.

കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എട്ട് മാസത്തോളമായി ആശാ വര്‍ക്കര്‍മാര്‍ സമരത്തിലാണ്. നിലവില്‍ 7,000 രൂപയാണ് ആശമാര്‍ക്ക് ഓണറേറിയമായി നല്‍കുന്നത്.

ആശകളുടെ പ്രതിഫലം പ്രധാനമായും ഇന്‍സന്റീവ് അടിസ്ഥാനമാക്കിയാണ്. ഒരു നിശ്ചിത പ്രതിമാസ ശമ്പളത്തേക്കാള്‍, ഇവര്‍ നിര്‍വഹിക്കുന്ന നിര്‍ദ്ദിഷ്ട ജോലികളുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒരു അടിസ്ഥാന ഓണറേറിയമുണ്ട്. ഇതിന് പുറമേ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന അധിക ഇന്‍സെന്റീവുകളും, ഓണറേറിയങ്ങളുമാണ് ആശമാരുടെ പ്രതിഫലം നിര്‍ണയിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇവ മാറികൊണ്ടിരിക്കും. കൂടാതെ ചെയ്യുന്ന ജോലിക്കനുസരിച്ചും ഈ പ്രതിഫലം മാറും.

കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിന് മുമ്പില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അക്രമാസക്തമായിരുന്നു. മുഖ്യമന്ത്രിയെ കാണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ പ്രകടനം നടത്തിയത്.

ആശ പ്രവര്‍ത്തകരുടെ സമരത്തില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. നാല് മണിക്കൂറോളം നീണ്ടുനിന്ന സമരത്തില്‍ യു.ഡി.എഫ് സെക്രട്ടറി സി.പി. ജോണിനെയും എസ്. മിനി, എം.എ. ബിന്ദു, ഗിരിജ, ജിതിക, മീര തുടങ്ങിയവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഉന്തും തള്ളിനുമിടയില്‍ കന്റോണ്‍മെന്റ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ശശിക്കും വനിതാ സെല്ലിലെ എ.എസ്.ഐ ഷംലക്കും പരിക്കേറ്റു.

അതേസമയം പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച പ്രതിഷേധ ദിനം സംഘടിപ്പിക്കാനാണ് ആശമാരുടെ നീക്കം. ക്ലിഫ് ഹൗസിന് മുന്നിലെ സമരം അവസാനിപ്പിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Content Highlight: Mahila Congress will take over the Asha strike: Jebi Mather MP