തന്നെ സംബന്ധിച്ച് സി.യൂ.സൂണ്‍, അറിയിപ്പ്, വരാന്‍ പോകുന്ന പേട്രിയേറ്റ് എന്നീ സിനിമകള്‍ ഒരു പാരലല്‍ വേള്‍ഡാണെന്നും ഒരുതരത്തില്‍ ഈ മൂന്ന് സിനിമകളെയും ട്രിലോളജി എന്ന് വിശേഷിപ്പിക്കാമെന്നും സംവിധായകന്‍ മഹേഷ് നാരായണന്‍. മാതൃഭൂമിയുടെ കാ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആരോ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്നൊരു ചിന്ത നമ്മളുടെ മനസില്‍ എപ്പോഴും ഉണ്ട്. അങ്ങനെയൊരു വിഷയമാണ് ഈ മൂന്ന് സിനിമകളും കൈകാര്യം ചെയ്യുന്നത്. ഒരു സ്ഥലത്ത് നമ്മള്‍ ഇരുന്ന് സംസാരിക്കുമ്പോള്‍ നമ്മളെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന കുറെ ക്യാമറകള്‍ ചുറ്റും കാണുന്നുണ്ട്. പക്ഷേ അതല്ലാതെ ഒരുപാട് ഡിവൈസുകളുണ്ട്. നമ്മള്‍ പോലുമറിയാത്ത ഒരുപാട് ഡിവൈസുകള്‍ മോണിറ്റര്‍ ചെയ്യുന്നുണ്ട്. ഫോണ്‍ നമ്മളെ മോണിട്ടര്‍ ചെയ്യുന്നുണ്ട്. അങ്ങനെ എല്ലാം തന്നെ മോണിട്ടര്‍ ചെയ്യപ്പെടുന്നുണ്ട്.

ഈ മോണിറ്ററിങ്ങിന്റെ കാലത്ത്, പ്രൈവസി എന്താണ് എന്നൊരു ചോദ്യമുണ്ട്. ഒരു സ്ത്രീക്കോ പുരുഷനോ തന്റെ നഗ്നമായ ശരീരം അക്‌സപ്റ്റ് ചെയ്യാന്‍ പറ്റുന്ന ഒരു കാലഘട്ടത്തില്‍, അത് എന്റെ ശരീരമാണ് എന്താ കുഴപ്പം എന്ന് ചോദിക്കാന്‍ പറ്റുന്നൊരു കാലത്ത് ആ പ്രശ്‌നം തീര്‍ന്നു,’ മഹേഷ് നാരായണന്‍ പറയുന്നു.

അപ്പോള്‍ ഒളിക്യാമറകളുടെ പ്രസക്തിയുണ്ടാകില്ലെന്നും കാരണം അത് നമ്മള്‍ അക്‌സപ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈമിന്റെ ഉപയോഗം അവിടെ കഴിയുമെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.

ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തി 2020ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സി.യൂ.സൂണ്‍. കൊവിഡ് പാന്‍ഡമിക്കില്‍ റിലീസ് ചെയ്ത സിനിമ പൂര്‍ണമായും ഐഫോണിലാണ് ചിത്രീകരിച്ചത്. ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെ പരിചയപ്പെടുന്ന അനുവിന്റയും ജിമ്മിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് സി.യൂ. സൂണ്‍ പറഞ്ഞത്.

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാനവേഷങ്ങളിലെത്തിയ സിനിമയായിരുന്നു അറിയിപ്പ്. മെഡിക്കല്‍ ഗ്ലൗസുകള്‍ നിര്‍മിക്കുന്ന ദല്‍ഹിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന രശ്മി ഹരീഷ് എന്നീ ദമ്പതികളുടെ കഥ പറഞ്ഞ ചിത്രമാണ് അറിയിപ്പ്.

രശ്മിയുടെ ഒരു വീഡിയോ അശ്ലീലമായ ദൃശ്യങ്ങള്‍ കൂട്ടികലര്‍ത്തി വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നു. താനല്ല ആ വീഡിയോയില്‍ എന്നു തെളിയിക്കാനായി രശ്മി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് അറിയിപ്പ്.

Content Highlight: Mahesh narayan about his three films ariyippu, patriot, c.u.soon