മഹേഷ് ബാബുവിനെ ബോളിവുഡിന് താങ്ങാനാവുന്നില്ലെങ്കില്‍ നല്ല കാര്യം, ഓള്‍ ദി ബെസ്റ്റ്: മഹേഷ് ഭട്ട്
Film News
മഹേഷ് ബാബുവിനെ ബോളിവുഡിന് താങ്ങാനാവുന്നില്ലെങ്കില്‍ നല്ല കാര്യം, ഓള്‍ ദി ബെസ്റ്റ്: മഹേഷ് ഭട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th May 2022, 5:40 pm

തനിക്ക് ബോളിവുഡില്‍ സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. ബോളിവുഡിന് തന്നെ താങ്ങാനാവില്ലെന്നും അതുകൊണ്ട് ഹിന്ദി സിനിമകള്‍ ചെയ്ത് സമയം കളയുന്നില്ലെന്നുമായിരുന്നു മഹേഷ് ബാബു പറഞ്ഞത്.

മഹേഷ് ബാബുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയാണ് ഹിന്ദി സിനിമാ നിര്‍മാതാവ് മഹേഷ് ഭട്ട്. മഹേഷ് ബാബുവിന്റെ പ്രതിഫലം ബോളിവുഡിന് കൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ നല്ല കാര്യമെന്നാണ് മഹേഷ് ഭട്ട് പറഞ്ഞത്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് ബാബുവിന്റെ പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചത്.

‘മഹേഷ് ബാബുവിന്റെ ഇന്‍ഡസ്ട്രിയോട് എനിക്ക് ബഹുമാനമുണ്ട്. അദ്ദേഹത്തിന് കഴിവുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത കഴിവിന് അദ്ദേഹം ഒരു വിലയിട്ടിട്ടുണ്ട്. ബോളിവുഡിന് അദ്ദേഹത്തിന്റെ എക്‌സ്‌പെറ്റഷേന് അനുസരിച്ച് പ്രതിഫലം നല്‍കാനാവുന്നില്ലെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല.

ഒരാളുടെ പ്രതിഫലത്തില്‍ ഇത്രയും ബഹളം വെക്കുന്നത് എന്തിനാണ്. എന്റെ പ്രതിഫലം 100 കോടിയാണ് എന്ന് പറയുകയാണെങ്കില്‍ അതെന്റെ ഇഷ്ടമാണ്. മഹേഷ് ബാബുവിന് എന്റെ ആശംസകള്‍,’ മഹേഷ് ഭട്ട് പറഞ്ഞു.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന മേജര്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് പരിപാടിക്കിടെയാണ് മഹേഷ് ബാബു പ്രസ്താവന നടത്തിയത്. മേജറിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് മഹേഷ് ബാബു.

‘ഹിന്ദിയില്‍ നിന്നും ഒരുപാട് അവസരങ്ങള്‍ എന്നെ തേടിയെത്തിയിരുന്നു. പക്ഷെ, അവര്‍ക്കെന്നെ താങ്ങാനാകുമെന്ന് തോന്നിയില്ല. സൗത്ത് ഇന്ത്യയില്‍ എനിക്ക് ലഭിക്കുന്ന താരപരിവേഷവും ബഹുമാനവും വളരെ വലുതാണ്. അതുകൊണ്ടുതന്നെ, ഇവിടെ വിട്ട് മറ്റൊരു സ്ഥലത്ത് സിനിമ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. സിനിമകള്‍ ചെയ്യുകയും അതിലൂടെ വളരുകയും ചെയ്യണം എന്ന് മാത്രമാണ് കരുതിയിട്ടുള്ളത്,’ മഹേഷ് ബാബു പറഞ്ഞു.

സര്‍ക്കാരു വാരി പാട്ടയാണ് ഇനി റിലീസ് ചെയ്യാനുള്ള മഹേഷ് ബാബുവിന്റെ ചിത്രം. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക. പരശുറാം പെട്‌ല സംവിധാനം ചെയ്യുന്ന ചിത്രം മെയ് 12നാണ് റിലീസ് ചെയ്യുന്നത്.

Content Highlight: Mahesh Bhatt has said that it would be a good thing if Bollywood could not afford Mahesh Babu