ഇന്ത്യന്‍ സിനിമയുടെ റേഞ്ച് ലോക സിനിമക്ക് മുമ്പില്‍ വ്യക്തമാക്കാന്‍ പോകുന്ന പ്രൊജക്ടായാണ് രാജമൗലിയുടെ അടുത്ത ചിത്രത്തെ പലരും കണക്കാക്കുന്നത്. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവുമായി രാജമൗലി കൈകോര്‍ക്കുന്ന ചിത്രത്തിന് എസ്. എസ്. എംബി എന്നാണ് താത്കാലികമായി നല്‍കിയിരിക്കുന്ന ടൈറ്റില്‍. മഹേഷ് ബാബുവിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് എന്നിങ്ങനെ വന്‍താര നിര അണിനിരക്കുന്ന ചിത്രം, എന്നാല്‍ അനൗണ്‍സ് ചെയ്ത് രണ്ട് വര്‍ഷത്തോടടുക്കുമ്പോഴും ഫസ്റ്റ് ലുക്കോ ടൈറ്റിലോ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ അപ്‌ഡേറ്റ് നവംബറില്‍ ഉണ്ടാകുമെന്ന് രാജമൗലി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ മഹേഷ് ബാബുവും രാജമൗലിയും എക്‌സിലൂടെ പരസ്പരം ട്രോളുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നവംബര്‍ എത്തി രാജമൗലി, എന്നായിരുന്നു മഹേഷ് ബാബു എക്‌സില്‍ കുറിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി രാജമൗലി എത്തി. ഈ മാസം ഏത് സിനിമയുടെ റിവ്യൂ ആണ് ഇടാന്‍ പോകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നിങ്ങള്‍ നിര്‍മിക്കുന്ന മഹാഭാരതത്തിന്റെ റിവ്യൂ ആണ് ഇടുന്നത്. ഒന്നാമതായി, നവംബറില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു കാര്യം വാഗ്ദാനം ചെയ്തു. ദയവായി നിങ്ങളുടെ വാക്ക് പാലിക്കുക’ എന്നാണ് മഹേഷ് ബാബു കുറിച്ചത്. പിന്നാലെ പ്രിയങ്ക ചോപ്രയും പൃഥ്വിരാജും രസകരമായ മറുപടികളുമായി എത്തിയിട്ടുണ്ട്. ഇരുവരുടെയും ട്വീറ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കൊണ്ടാടുന്നുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. ഒഡിഷയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. പിന്നീട് ഹൈദരബാദ്, ലണ്ടന്‍, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളില്‍ മറ്റ് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി. യു.എസ്, മെക്സിക്കോ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാകും അടുത്ത ഷെഡ്യൂളെന്നാണ് റിപ്പോര്‍ട്ടുകള്‍ 2027 ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
Content highlight: Mahesh Babu asks where is the movie update now that November is here; Rajamouli responds with troll