സവർക്കറിന് ആദരസൂചകമായി പാർക്കും മ്യൂസിയവും പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
national news
സവർക്കറിന് ആദരസൂചകമായി പാർക്കും മ്യൂസിയവും പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th February 2023, 12:25 pm

മുംബൈ: ഹിന്ദുത്വ നേതാവ് സവർക്കറിന് ആദരസൂചകമായി തീം പാർക്ക്‌, ഗാർഡൻ, മ്യൂസിയം എന്നിവ നിർമിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിൽ നാസിക്കിലെ ഭഗൂരിൽ ആയിരിക്കും ഇവ നിർമിക്കുക. സവർക്കറുടെ ചരമവാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.

ചരമവാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 26ന് നാസിക്കിൽ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. സിറ്റി കൗൺസിലിനായിരിക്കും നിർമിതികളുടെ അവകാശം ഉണ്ടാകുക. ഇവ സംബന്ധിച്ച നവീകരണ പ്രവർത്തനങ്ങൾക്ക് കോർപറേഷൻ ചുമതല വഹിക്കണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ രണ്ട് ന​ഗരങ്ങളുടെ പേര് സർക്കാർ മാറ്റിയിരുന്നു. ഔറംഗബാദ് സിറ്റി ഇനി മുതൽ ഛത്രപതി സംബാജിനഗർ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഒസ്മാനബാദിന്റെ പേര് ധാരാശിവ് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് ഷിൻഡെ സർക്കാർ ഇരു നഗരങ്ങളുടെയും പുതിയ പേര് പ്രഖ്യാപിച്ചത്.

മുഗൾ ചക്രവർത്തി ഔറംഗസേബിൽ നിന്നായിരുന്നു നഗരത്തിന് ഔറംഗാബാദ് എന്ന പേര് ലഭിച്ചത്. ഛത്രപതി ശിവാജിയുടെ മുതിർന്ന മകനും മഹാരാഷ്ട്രയുടെ രണ്ടാമത്തെ ഭരണാധികാരിയുമായിരുന്നു ഛത്രപതി സംബാജി.

ഇരു നഗരങ്ങളുടേയും പേര് മാറ്റണമെന്ന ആവശ്യവുമായി നേരത്തെ തന്നെ ഹിന്ദുത്വവാദികൾ രംഗത്തെത്തിയിരുന്നു.

ഇരു നഗരങ്ങളുടേയും പേര് മാറ്റണമെന്നത് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാരിന്റെ അവസാന മന്ത്രിസഭാ തീരുമാനമായിരുന്നു.

Content Highlight: Maharshtra government to build parks and museum as a tribute to savarkkar