മഹാരാഷ്ട്രയിൽ ക്രിസ്ത്യാനികൾക്കെതിരെ കടുത്ത നടപടി; ആറുമാസം കൊണ്ട് 'അനധികൃത' പള്ളികൾ പൊളിച്ചുമാറ്റും
India
മഹാരാഷ്ട്രയിൽ ക്രിസ്ത്യാനികൾക്കെതിരെ കടുത്ത നടപടി; ആറുമാസം കൊണ്ട് 'അനധികൃത' പള്ളികൾ പൊളിച്ചുമാറ്റും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2025, 12:25 pm

പൂനെ: മഹാരാഷ്ട്രയിൽ ക്രൈസ്തവർക്കെതിരെ കടുത്ത നടപടിയുമായി മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ. മഹാരാഷ്ട്രയിൽ നൂറുകണക്കിന് അനധികൃത പള്ളികൾ ഉണ്ടെന്നും ആറുമാസത്തിനുള്ളിൽ അവ പൊളിക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ സംസ്ഥാന നിയമസഭയിൽ പറഞ്ഞു.

മതപരിവർത്തന കേസുകൾ തടയുന്നതിനും സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് ആദിവാസി ജില്ലകളിലുള്ള അനധികൃത പള്ളികൾ പൊളിക്കുന്നതിനും അടുത്ത ആറ് മാസത്തിനുള്ളിൽ കർശനമായ നിയമം നടപ്പിലാക്കുമെന്ന് ചന്ദ്രശേഖർ ബവൻകുലെ കൂട്ടിച്ചേർത്തു.

മതത്തിന്റെ ഉന്നമനത്തിനായി, വിദേശ ഫണ്ട് ഉപയോഗിച്ച് നിർമിച്ച അനധികൃത പള്ളികളിലൂടെ ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ബി.ജെ.പി എംഎൽഎമാരായ അനുപ് അഗർവാൾ, സുധീർ മുൻഗന്തിവാർ, സഞ്ജയ് കുട്ടെ, ഗോപിചന്ദ് പടാൽക്കർ എന്നിവർ ആരോപിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.

മതം മാറിയ ആദിവാസികൾക്ക് പട്ടികജാതി (എസ്‌.സി) വിഭാഗങ്ങൾക്കായുള്ള ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടയുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടു. അതേസമയം പള്ളികൾക്ക് അനധികൃത വിദേശ ഫണ്ട് വന്നെന്നതിനോ അവർ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നതിനോ തെളിവുകൾ സമർപ്പിക്കാൻ എം.എൽ.എമാർക്ക് സാധിച്ചിട്ടില്ല.

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം പാൽഘർ, നന്ദുർബാർ തുടങ്ങിയ ആദിവാസി ജില്ലകളിലെ അനധികൃത പള്ളികളുടെ എണ്ണം അതിശയകരമാംവിധം വർധിച്ചുവരികയാണെന്ന് അഗർവാൾ അവകാശപ്പെട്ടു. ഏകദേശം 2,000 ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ ആറ് പള്ളികളുണ്ടെന്നും ധൂലെയിലെ 199 ഗ്രാമപഞ്ചായത്തുകളിൽ മാത്രം നിരവധി അനധികൃത പള്ളികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീഷണികളിലൂടെയും വൈദ്യസഹായം വഴിയും പ്രലോഭിപ്പിച്ചാണ് ആദിവാസികളെ മതപരിവർത്തനം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 1,515 സംഘടനകൾക്ക് കഴിഞ്ഞ വർഷം വിദേശ ധനസഹായം ലഭിച്ചതായും ഇത് വർഷങ്ങളായി സംസ്ഥാനത്തെ ഹിന്ദു ജനസംഖ്യയിൽ കുറവുണ്ടാക്കിയതായും സുധീർ മുൻഗന്തിവാർ അവകാശപ്പെട്ടു. പക്ഷെ വിവരങ്ങളുടെ ഉറവിടം അദ്ദേഹം പരാമർശിച്ചില്ല.

തുടർന്ന് നന്ദർബാർ ജില്ലയിലെ അനധികൃത പള്ളികളെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കുന്നതിനും നിയമവിരുദ്ധമെന്ന് കണ്ടെത്തുന്ന പള്ളികൾ പൊളിച്ചുമാറ്റുന്നതിനുമായി ഒരു ഡിവിഷണൽ കമ്മീഷണറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ അദ്ദേഹം പ്രഖ്യാപിച്ചു.

‘പ്രലോഭനങ്ങളിലൂടെയും ഭീഷണിയിലൂടെയും നടന്ന മതപരിവർത്തനത്തെക്കുറിച്ച് ആഭ്യന്തര വകുപ്പിന്റെ ഒരു റിപ്പോർട്ട് ഉണ്ട്. ഞങ്ങൾ അത് ശ്രദ്ധിച്ചിട്ടുണ്ട്. പള്ളികളുടെ സഹായത്തോടെയാണ് മതപരിവർത്തനം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മതപരമായ ഘടനകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2011 മെയ് മാസത്തിലും 2018 മെയ് മാസത്തിലും പുറപ്പെടുവിച്ച ഉത്തരവുകളുണ്ട്. ആറ് മാസത്തിനുള്ളിൽ ഈ ഘടനകൾ നീക്കം ചെയ്യുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ ഡിവിഷണൽ കമ്മീഷണർമാരോട് ആവശ്യപ്പെടും,’ ബവൻകുലെ പറഞ്ഞു.

മതപരിവർത്തന കേസുകൾ തടയുന്നതിന് മഹാരാഷ്ട്ര സർക്കാർ കർശനമായ നിയമം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മതം മാറിയ ആദിവാസികൾക്ക് സർക്കാർ പദ്ധതി ആനുകൂല്യങ്ങൾ നൽകണമോ എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ആദിവാസി വികസന മന്ത്രിയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ബവൻകുലെ കൂട്ടിച്ചേർത്തു.

മതം മാറിയ ആദിവാസികളെ പട്ടികവർഗ പദ്ധതികളിൽ നിന്ന് ഒഴിവാക്കുന്നതിന് പകരം ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സ്വീകരിക്കേണ്ട നടപടികൾ കമ്മിറ്റി പരിശോധിക്കുമെന്ന് ആദിവാസി വികസന മന്ത്രി അശോക് ഉയികെ പറഞ്ഞു.

 

Content Highlight: Maharashtra takes tough action against Christians; ‘unauthorized’ churches to be demolished within six months