'രാജ് ഭവനില്‍ കൊവിഡെത്തി, അമിതാഭ് ജീക്കും വന്നു,ഇനിയും വിദ്യാര്‍ത്ഥികളുടെ ജീവന്‍വെച്ച് കളിക്കരുത്'; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാഹാരാഷ്ട്രാ മന്ത്രി
COVID-19
'രാജ് ഭവനില്‍ കൊവിഡെത്തി, അമിതാഭ് ജീക്കും വന്നു,ഇനിയും വിദ്യാര്‍ത്ഥികളുടെ ജീവന്‍വെച്ച് കളിക്കരുത്'; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാഹാരാഷ്ട്രാ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th July 2020, 2:34 pm

മുംബൈ: അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്രയിലെ ഉന്നത വിദ്യാഭ്യാസ- സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സമന്ത്.

കൊവിഡ് അതീവ ഗുരുതരമായി പടരുമ്പോഴും പരീക്ഷകളെക്കുറിച്ചുള്ള യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ (യു.ജി.സി) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്തു കൊണ്ടാണ് മന്ത്രി രംഗത്തെത്തിയത്.

” രാജ് ഭവനില്‍ കൊറോണ എത്തി… അമിതാഭ്ജിക്ക് കൊറോണ വന്നു….സുരക്ഷിതമായ സ്ഥലങ്ങളില്‍ പോലും കൊറോണയ്ക്ക് എത്താന്‍ സാധിക്കും
പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ ജീവന്‍വെച്ചുള്ള കളിയാണെന്ന് എച്ച്.ആര്‍.ഡിയും യു.ജി.സിയും ഇപ്പോള്‍ സമ്മതിക്കുമോ… ?? ‘ അദ്ദേഹം ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം മഹാരാഷ്ട്ര സര്‍ക്കാര്‍ വിവിധ സര്‍വകലാശാലകളിലെ അവസാന വര്‍ഷവും അവസാന സെമസ്റ്റര്‍ പരീക്ഷകളും റദ്ദാക്കിയിരുന്നു. പരീക്ഷയ്ക്ക് ഹാജരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതത് സ്ഥാപനങ്ങളെ രേഖാമൂലം അറിയിക്കാമെന്നും പറഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ സര്‍വകലാശാലകളിലും വരാനിരിക്കുന്ന എല്ലാ സെമസ്റ്റര്‍, അവസാന വര്‍ഷ പരീക്ഷകളും റദ്ദാക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് അനുവദനീയമല്ലെന്ന് യു.ജി.സി വ്യക്തമാക്കിയിരുന്നു.

” യു.ജി.സി നിയമപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ തീരുമാനം എടുക്കാന്‍ കഴിയില്ല. സംസ്ഥാന പട്ടികയിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് വ്യത്യസ്തമായി ഉന്നത വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലുണ്ട്. യു.ജി.സി, എ.ഐ.സി.ടി.ഇ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്,” ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ ദി ഹിന്ദുവിനോട് പറഞ്ഞു.

സെപ്റ്റംബര്‍ അവസാനത്തോടെ സര്‍വകലാശാലകളില്‍ അവസാന വര്‍ഷ പരീക്ഷകള്‍ സംഘടിപ്പിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി) ജൂലൈ 6 ന് പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യ