മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്: മുന്‍സിപ്പല്‍ കൗണ്‍സിലുകളിലും പഞ്ചായത്തുകളിലും ബി.ജെ.പിക്ക് ലീഡ്; ഏറ്റവും വലിയ ഒറ്റകക്ഷി
India
മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്: മുന്‍സിപ്പല്‍ കൗണ്‍സിലുകളിലും പഞ്ചായത്തുകളിലും ബി.ജെ.പിക്ക് ലീഡ്; ഏറ്റവും വലിയ ഒറ്റകക്ഷി
അനിത സി
Sunday, 21st December 2025, 4:24 pm

മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മഹായുതി സഖ്യത്തിന് മുന്നേറ്റം. 288 മുനിസിപ്പല്‍ കൗണ്‍സിലുകളിലും നഗര പഞ്ചായത്തുകളിലുമായി 127 സീറ്റുകളില്‍ ലീഡ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

എതിരാളികളായ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാടിയെക്കാള്‍ ബഹുദൂരം മുന്നിലാണ് ബി.ജെ.പി സഖ്യമായ മഹായുതിയുടെ സീറ്റ് നില. ശിവസേന നിലവില്‍ 53 സീറ്റിലും എന്‍.സി.പി 32 സീറ്റിലും ലീഡ് ചെയ്യുന്നു.

ബി.ജെ.പി സഖ്യമായ മഹായുതി നഗര പഞ്ചായത്തുകളില്‍ 212ലേറെ സീറ്റുകള്‍ നേടി. മഹാവികാസ് അഘാടി 53 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

കോണ്‍ഗ്രസിന് 36ഉം, ശിവസേന(യു.ബി.ടി)ക്ക് ഒമ്പതും എന്‍.സി.പി (എസ്.പി) എട്ട് സീറ്റുകളിലുമാണ് ലീഡെടുക്കാനായത്. ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കാണിത്. ഞായറാഴ്ച രാവിലെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ വിദര്‍ഭ, മറാത്തവാഡ, വടക്കന്‍ മഹാരാഷ്ട്ര, പടിഞ്ഞാറന്‍ മഹാരാഷ്ട്ര, കൊങ്കണ്‍ മേഖലകളിലെല്ലാം മഹായുതി സഖ്യമായ ബി.ജെ.പിയും ഏകനാഥ ഷിന്‍ഡെ വിഭാഗത്തിന്റെ ശിവസേനയും അജിത് പവാര്‍ വിഭാഗത്തിന്റെ എന്‍.സി.പിയും ലീഡ് തുടരുകയാണ്.

അതേസമയം, അന്തിമ ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ബി.ജെ.പിയുടെ നരിമാന്‍ പോയിന്റിലെ മുഖ്യ സ്ഥാനത്ത് പ്രവര്‍ത്തകര്‍ വിജയാഘോഷം ആരംഭിച്ചു.

Content Highlight: Maharashtra local body elections: BJP leads in municipal councils and panchayats; single largest party

 

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍