മുംബൈ: ബി.ജെ.പി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ അടുത്തിടെ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരികയും അധികം വൈകാതെ പിന്‍വലിക്കുകയും ചെയ്ത ഏഴ് തീരുമാനങ്ങള്‍ ചര്‍ച്ചയാകുന്നു. മതിയായ കൂടിയാലോചനകളില്ലാതെ കൊണ്ടുവന്ന തീരുമാനങ്ങളാണ് പ്രതിഷേധങ്ങളും കോടതി ഉത്തരവും കാരണം പിന്‍വലിക്കേണ്ടി വന്നത്.
പ്രൈമറി സ്‌കൂള്‍ മുതല്‍ ഹിന്ദി മൂന്നാം ഭാഷയാക്കല്‍, സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരൊറ്റ യൂണിഫോം, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഹാള്‍ ടിക്കറ്റില്‍ ജാതി സൂചിപ്പിക്കല്‍, പ്രൈവറ്റ് മെഡിക്കല്‍ കോളേജില്‍ 10 ശതമാനം ഇ.ഡബ്ല്യു.എസ് തുടങ്ങിയ തീരുമാനങ്ങളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്നതിലും വേഗത്തില്‍ പിന്‍വലിച്ചത്.
ഏപ്രില്‍ 26നായിരുന്നു സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളിലെല്ലാം ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് കൊണ്ടുവന്നത്. മുമ്പ് രണ്ട് ഭാഷകള്‍ മാത്രം പഠിച്ചുകൊണ്ടിരുന്ന ഒന്നുമുതല്‍ അഞ്ച് വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് മൂന്ന് ഭാഷകള്‍ പഠിക്കേണ്ട അവസ്ഥയായി. വിമര്‍ശനങ്ങള്‍ക്കും രാഷ്ട്രീയ എതിര്‍പ്പിനും വഴിവെച്ച ഈ തീരുമാനം ജൂണ്‍ 29ന് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പിന്‍വലിക്കുകയായിരുന്നു.
2023 ഏപ്രില്‍ രണ്ടിനാണ് സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളില്‍ ഒരൊറ്റ യൂണിഫോം എന്ന ആശയം നടപ്പിലാക്കാന്‍ ഉത്തരവായത്. ഇതിനായി സംസ്ഥാനത്തെ 44 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി യൂണിഫോം നിര്‍മിച്ച് വിതരണം ചെയ്യാന്‍ ഒരു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. എന്നാല്‍ 2024 ഒക്ടോബറായിട്ടും യൂണിഫോം വിതരണം പകുതി പോലും ആകാത്തതിനാല്‍ ഈ തീരുമാനവും സര്‍ക്കാര്‍ പിന്‍വലിച്ചു.
2024 ജൂണ്‍ 11ന് പുറത്തിറക്കിയ ഉത്തരവില്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് ശേഷം മധുരപലഹാരങ്ങളും, മുളപ്പിച്ച പയര്‍, കടല പോലുള്ള ഭക്ഷണങ്ങളും നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഫണ്ട് സ്വരൂപിക്കാനാകാത്തതിനാല്‍ ഈ തീരുമാനവും മാറ്റേണ്ടി വന്നു. പാഠപുസ്തകങ്ങളില്‍ ഓരോ അധ്യായത്തിന് ശേഷവും രണ്ട് ബ്ലാങ്ക് പേജുകള്‍ വെക്കുമെന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി.
ന്യൂനപക്ഷ ട്രസ്റ്റുകള്‍ നടത്തുന്ന ജൂനിയര്‍ കോളേജുകളില്‍ ക്വാട്ടയില്‍ പ്രവേശനം നടത്തുന്ന തീരുമാനവും കോടതി ഇടപെടലിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 10 ശതമാനം ഇ.ഡബ്ല്യു.എസ് ക്വാട്ട ഏര്‍പ്പെടുത്തിയതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. സീറ്റ് വര്‍ധിപ്പിക്കാതെ ക്വാട്ട നടപ്പിലാക്കിയാല്‍ ജനറലിലെ സീറ്റുകള്‍ കുറയാന്‍ ഇത് കാരണമാകുമെന്ന വിമര്‍ശനത്തെത്തുടര്‍ന്ന് ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാരിന് പിന്‍വാങ്ങേണ്ടിവന്നു.
2025 ജനുവരി 11ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള ഹാള്‍ ടിക്കറ്റുകളില്‍ ജാതിയും അച്ചടിച്ചാണ് വിതരണം ചെയ്തത്. സോഷ്യല്‍ മീഡിയകളിലടക്കം ഈ നീക്കത്തിനെതിരെ വിമര്‍ശനവും പ്രതിഷേധങ്ങളും ഉയര്‍ന്നതിന് പിന്നാലെ പുതിയ ഹാള്‍ ടിക്കറ്റ് സര്‍ക്കാര്‍ വിതരണം ചെയ്തു. ഇത്തരം നീക്കങ്ങളില്‍ വന്ന പിഴവുകളില്‍ നിന്ന് പാഠം പഠിച്ച് മുന്നോട്ടുപോകുമെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
Content Highlight: Maharashtra government’s seven decision that withdrawn in education sector