മുംബൈ : മഹാരാഷ്ട്രയിലെ ആദിവാസി കർഷകർക്ക് അവരുടെ ഭൂമി സ്വകാര്യ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകാൻ കഴിയുമെന്നും ഇതിനായുള്ള നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നും സംസ്ഥാന റവന്യു മന്ത്രി ചന്ദ്രശേഖർ ബവൻകുലെ. ഇത് കർഷകർക്ക് അധിക വരുമാനം ഉണ്ടാക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ആദിവാസികൾക്ക് സ്ഥിരമായ വരുമാനം ലഭിക്കാനും അവരുടെ ഉടമസ്ഥാവകാശം സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാറുകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കാൻ ജില്ലാ കളക്ടറുടെ പങ്കാളിത്തം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
‘ആദിവാസി കർഷകർക്ക് കാർഷിക ആവശ്യങ്ങൾക്കും ധാതു ഖനനത്തിനും വേണ്ടി സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ ഭൂമി പാട്ടത്തിന് നല്കാൻ കഴിയും . ഇതിനായി ഉടൻ തന്നെ നിയമം കൊണ്ടുവരും,’ ബവൻകുലെ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ആദിവാസി കർഷകന് ഈ കരാറിലൂടെ തന്റെ ഭൂമി വികസിപ്പിക്കണമെങ്കിൽ ജില്ലാ കലക്ടറിനെ കണ്ട് തീരുമാനമെടുക്കാവുന്നതാണെന്നും നേരത്തെ അതിനായി സംസ്ഥാന ഭരണ മന്ത്രാലയത്തിന്റെ അംഗീകാരം വേണമായിരുന്നെന്നും മന്ത്രി പറഞ്ഞു.