മുംബൈ: 2024ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലുണ്ടായ ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്ന ഡോക്യുമെന്ററിയുടെ ലിങ്ക് അടങ്ങിയ സന്ദേശം അയക്കുന്നതിനെ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) വിലക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇത് പ്രതിഷേധവുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാണിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എസ്.എം.എസ് അയയ്ക്കുന്നതിന് ട്രായ് അനുമതി നിരസിച്ചതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറി വിവരങ്ങള്‍ മറച്ചുവെക്കാനായി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് എന്ന് കോണ്‍ഗ്രസ് ഡാറ്റ അനിലിറ്റിക്കല്‍ വിഭാഗം ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി ആരോപിച്ചു.
മഹാരാഷ്ട്രയില്‍ നടന്ന 2024ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടതാണെന്ന് മുമ്പും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തെ സംബന്ധിച്ച ഡോക്യുമെന്ററി പുറത്തെത്തിയത്. ഈ ഡോക്യുമെന്ററിയുടെ യൂട്യൂബ് വീഡിയോ ലിങ്ക് പ്രവര്‍ത്തകര്‍ക്ക് അയക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം.
തുടര്‍ന്നാണ് ടെലികോം അതോറിറ്റിയെ സമീപിച്ച് അപേക്ഷ സമര്‍പ്പിച്ചത് എന്നാല്‍, ട്രായ് അനുമതി നിഷേധിക്കുകയായിരുന്നു. ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സോഷ്യല്‍മീഡിയയിലൂടെ പ്രവീണ്‍ ചക്രവര്‍ത്തി ട്രായ്ക്ക് എതിരെ രംഗത്തെത്തിയത്.
ട്രായ്‌യുടെ തീരുമാനം മണ്ടത്തരമാണെന്നും ട്രായ് ബി.ജെ.പിയുടെ ഐ.ടി സെല്ലായി മാറിയെന്നും ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ് മാണിക്കം ടാഗോര്‍ കുറ്റപ്പെടുത്തി. ഈ സെന്‍സര്‍ഷിപ്പ് ചെയിന്‍ ആരാണ് നിയന്ത്രിക്കുന്നത്. അമിത് ഷായോ അശ്വനി വൈഷ്ണവോ ജ്ഞാനേശ്വര്‍ കുമാറോ ആണോ എന്ന് ചോദിച്ച അദ്ദേഹം റെയില്‍വേയും ടെലികോം വകുപ്പും ആശയവിനിമയം തടയുകയാണെന്നും ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനമായി എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ തെരഞ്ഞടുപ്പിന്റെ യാഥാര്‍ത്ഥ്യം മറച്ചുപിടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടിട്ടില്ലെങ്കില്‍ എന്തിനാണ് നിങ്ങള്‍ ഒരു യൂട്യൂബ് ലിങ്കിനെ ഭയക്കുന്നതെന്ന് കേന്ദ്രമന്ത്രി അമിത് ഷായോട് മാണിക്കം ടാഗോര്‍ ചോദിച്ചു.
2023ലെ കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അലന്ദ് നിയമസഭ മണ്ഡലത്തില്‍ വോട്ട് അട്ടിമറി നടന്നെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയത്. ഈ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കം ചെയ്തതായാണ് ആരോപണം.