മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ആരോപണം; രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത് പോലെ സി.സി.ടി.വി ദൃശ്യം കൈമാറാനാകില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍
Rahul Gandhi
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ആരോപണം; രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത് പോലെ സി.സി.ടി.വി ദൃശ്യം കൈമാറാനാകില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th June 2025, 9:28 am

ന്യൂദല്‍ഹി: 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തര്‍ക്കും മുറുകുന്നു. രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത് പോലെ പോളിങ് ബൂത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി ഇതുവരെ പരാതിപ്പെടുകയോ കത്ത് നല്‍കുകയോ ചെയ്തിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നടപടികളനുസരിച്ച്, രാഹുല്‍ ഗാന്ധി കത്തെഴുതിയാല്‍ മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഏതൊരു ഭരണഘടനാ സ്ഥാപനവും ഔദ്യോഗികമായി പ്രതികരിക്കുകയുള്ളുവെന്നും ഇ.സി.ഐ വൃത്തങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

താന്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ‘വളരെ ഗൗരവമുള്ളതാണ്’ എന്ന് ഗാന്ധി പറയുന്നത് കൗതുകകരമാണെന്നും എന്നാല്‍ പരാതി നല്‍കുന്നതില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയാണെന്നും വൃത്തങ്ങള്‍ പ്രതികരിച്ചു. ഒരു യോഗം ചേരാന്‍ പോലും രാഹുല്‍ ഗാന്ധി സമയം തേടിയിട്ടില്ലെന്നും കമ്മീഷന്‍ വിമര്‍ശിച്ചതായാണ് വിവരം.

മഹാരാഷ്ട്ര പോളിങ് ബൂത്തുകളിലെ അഞ്ച് മണിക്ക് ശേഷമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ (ഞായര്‍)യാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയത്.

ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിറ്റല്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

ഒളിച്ചോട്ടം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത സംരക്ഷിക്കില്ലെന്നും സത്യം പറയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഒപ്പോ പേരോ ഇല്ലാത്ത കുറിപ്പിലൂടെ മറുപടി നല്‍കുന്നത് വിശ്വാസ്യത സംരക്ഷിക്കില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ശനിയാഴ്ച മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളുള്ള ഒരു മാതൃക ഉപയോഗിച്ച് ബി.ജെ.പി അട്ടിമറിച്ചതായി രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതിലുള്‍പ്പെടെ കൃത്രിമത്വം കാട്ടി. ബി.ജെ.പി വിജയം ലക്ഷ്യമിട്ട് ഒത്തുകളിക്കുകയാണെന്നും സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുകയായിരുന്നു.

Content Highlight: Maharashtra election allegations; CCTV footage cannot be handed over as demanded by Rahul Gandhi: Election Commission