മഹരാഷ്ട്രയില്‍ ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 2940 പേര്‍ക്ക്; സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 44000 ത്തില്‍ അധികം പേര്‍ക്ക്
COVID-19
മഹരാഷ്ട്രയില്‍ ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 2940 പേര്‍ക്ക്; സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 44000 ത്തില്‍ അധികം പേര്‍ക്ക്
ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 9:25 pm

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം 2940 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 44,582 ആയി. രാജ്യത്ത് ഇന്ന് ആറായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് മാത്രം രാജ്യത്ത് 148 പേരാണ് മരിച്ചത്. ധാരാവിയില്‍ ഇന്ന് 53 കേസുകള്‍ പുതുതായി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 48 മണിക്കൂറിനിടെ 278 പൊലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 1666 ആയി.

കൊവിഡ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 80% ബെഡ്ഡുകളും സര്‍ക്കാര്‍ ഏറ്റെടുത്തു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 40,000 കടന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

ആഗസ്ത് 31 വരെയാണ് സ്വകാര്യ ആശുപത്രികളിലെ ബെഡ്ഡുകള്‍ ഏറ്റെടുത്തിരിക്കുന്നത്. മുംബൈയില്‍ മാത്രം 25000 കേസുകള്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം കൊവിഡ് 19 മൃതദേഹങ്ങളിലൂടെ പകരുമെന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തിമാക്കി കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബാന്ദ്രയിലെ കബര്‍സ്ഥാനില്‍ അടക്കം ചെയ്യാന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി.) നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നല്‍കിയ ഹരജികള്‍ തള്ളി കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി ഹരജി പരിഗണിച്ചത്. ഏപ്രില്‍ 14നാണ് പ്രദീപ് ഗാന്ധിയും മറ്റുള്ളവരും ചേര്‍ന്ന് ഹരജി സമര്‍പ്പിച്ചത്.

ബാന്ദ്രയിലെ ശ്മശാനത്തില്‍ കൊവിഡ്-19 ബാധിതരുടെ മൃതദേഹം മറവുചെയ്യുന്നത് സാമൂഹിക വ്യാപനത്തിന് കാരണമാകുമെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ കോടതിയെ സമീപിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക