ആഗസ്റ്റ് 15നകം മഹാരാഷ്ട്ര സര്‍ക്കാര്‍ വിപുലീകരിക്കും: ദേവേന്ദ്ര ഫഡ്‌നാവിസ്
national news
ആഗസ്റ്റ് 15നകം മഹാരാഷ്ട്ര സര്‍ക്കാര്‍ വിപുലീകരിക്കും: ദേവേന്ദ്ര ഫഡ്‌നാവിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th August 2022, 5:24 pm

മുംബൈ: സ്വാതന്ത്ര്യദിനത്തിന് മുന്‍പായി മഹാരാഷ്ട്രയിലെ ഷിന്‍ഡെ സര്‍ക്കാര്‍ വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഫഡ്‌നാവിസ് ആഭ്യന്തര വകുപ്പ് നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 30നായിരുന്നു മുഖ്യമന്ത്രിയായി ഏക് നാഥ് ഷിന്‍ഡെ അധികാരമേറ്റത്. അന്നേ ദിവസം തന്നെ ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ചുമതലയേറ്റെടുത്തിരുന്നു.

എന്നാല്‍ മന്ത്രിസഭയിലുള്ള മറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായിരുന്നില്ല. ഇതിനെതിരെ ശിവസേന വിഭാഗം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ ഷിന്‍ഡെയും ഫഡ്‌നാവിസും തമ്മില്‍ തര്‍ക്കമുണ്ടെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം. മുന്‍ ഉപ മുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍ ആണ് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്.

‘പ്രതിപക്ഷ നേതാവായ അജിത് ഡാഡ അങ്ങനെയൊക്കെ പറയും. അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ 32 ദിവസം അഞ്ച് മന്ത്രിമാരെ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം ഇപ്പോള്‍ സൗകര്യപൂര്‍വം മറക്കുകയാണ്,’എന്നായിരുന്നു ആരോപണങ്ങള്‍ക്ക് ഫഡ്‌നാവിസിന്റെ മറുപടി.

മന്ത്രിസഭയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് ദേവേന്ദ്ര ഫഡനാവിസ് ദല്‍ഹിയിലെത്തിയിരുന്നു. എന്നാല്‍ യോഗത്തില്‍ ഏക് നാഥ് ഷിന്‍ഡെ പങ്കെടുത്തിരുന്നില്ല.

അതേസമയം ശിവസേന എം.പി സഞ്ജയ് റാവത്തിനെ ആഗസ്റ്റ് ഒന്നിന് അര്‍ധരാത്രിയോടെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

ആഗസ്റ്റ് എട്ട് വരെയായിരിക്കും റാവത്ത് കസ്റ്റഡിയില്‍ തുടരുക.

സഞ്ജയ് റാവത്തിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിന് പിന്നാലെ ആഗസ്റ്റ് ഒന്ന് അര്‍ധരാത്രിയോടെയായിരുന്നു റാവത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് ദിവസം റാവത്തിനെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് മുംബൈ ഹൈക്കോടതിയും ഉത്തരവിറക്കിയിരുന്നു

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ശിവസേന എം.പി സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

പ്രയാസ സമയത്ത് തന്നെ അനുകൂലിച്ചവര്‍ക്ക് റാവത്ത് നന്ദി അറിയിച്ചിരുന്നു. പ്രയാസകരമായ സമയങ്ങളിലാണ് ആരൊക്കെയാണ് കൂടെയുണ്ടാകുക എന്ന കാര്യം മനസിലാകുകയെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജയ് റാവത്തിന്റെ ഒപ്പ് പതിപ്പിച്ച കത്ത് കഴിഞ്ഞ ദിവസം ശിവസേന എം.പിയും ശിവസേന വക്താവുമായ പ്രിയങ്ക ചതുര്‍വേദി പുറത്തുവിട്ടിരുന്നു. ഈ കത്തിലാണ് റാവത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദി അറിയിച്ചിരിക്കുന്നത്.

അതേസമയം സഞ്ജയ് റാവത്താണ് ശരിയായ ശിവസൈനികനെന്നും അദ്ദേഹത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

തെലുങ്ക് ചിത്രമായ പുഷ്പയിലെ ‘ജൂഖേക നഹി (കുമ്പിടുകയില്ല)’ എന്ന ഡയലോഗ് ഉദ്ധരിച്ചുകൊണ്ടായിരുന്നു ഉദ്ധവ് താക്കറെയുടെ പരാമര്‍ശം.

Content Highlight: Maharashtra cabinet expansion will be completed within aygust 15th says devendra fadnavis