മുംബൈ: നിയമസഭാ സമ്മേളനത്തിനിടെ ഓണ്‍ലൈന്‍ റമ്മി കളിച്ച മഹാരാഷ്ട്ര കൃഷി മന്ത്രി മണിക്‌റാവു കൊകാതെയെ കായിക യുവജനക്ഷേമ മന്ത്രാലയത്തിലേക്ക് മാറ്റി. കൊകാതെ ഗെയിം കളിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ കായിക മന്ത്രലയത്തിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിഭാഗത്തില്‍പ്പെട്ടയാളാണ് കൊകാതെ.
താന്‍ റമ്മി കളിക്കുകയായിരുന്നില്ലെന്നും തന്റെ മൊബൈല്‍ ഫോണിലെ പോപ്പ്-അപ്പ് പരസ്യം അടയ്ക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ് മണിക്‌റാവു കൊകാതെ ആരോപണങ്ങളെ എതിര്‍ത്തിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാജിവെക്കാനും താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ കര്‍ഷകരെക്കുറിച്ചുള്ള മണിക്‌റാവു കൊകാതെയുടെ അഭിപ്രായമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ വെച്ച് കര്‍ഷകര്‍ക്കുള്ള സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. ഇപ്പോള്‍ ഭിക്ഷക്കാര്‍ പോലും ഒരു രൂപ സ്വീകരിക്കില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ ഒരു രൂപയ്ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കിയപ്പോള്‍ കര്‍ഷകര്‍ അതുപോലും ദുരുപയോഗം ചെയ്യുകയാണ് എന്നാണ് കൊകാതെ പറഞ്ഞത്.
കൊകാതെയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ‘സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് ഒരു രൂപ പോലും എടുക്കുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് ഒരു രൂപ പോലും നല്‍കുന്നില്ല. അപ്പോള്‍ ആരാണ് യാചകന്‍? കര്‍ഷകരല്ല, സര്‍ക്കാരാണ് യാചകന്‍’ എന്നായിരുന്നു തന്റെ പ്രസ്ഥാവനയെന്ന് അദ്ദേഹം വിശദീകരിച്ചു.
സര്‍ക്കാര്‍ പദ്ധതികള്‍ വഴി കര്‍ഷകര്‍ക്ക് നല്‍കുന്ന പണം വിവാഹം പോലുള്ള പരിപാടികള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും കൊകാതെ നേരത്തെ ആരോപിച്ചിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അഴിമതി നടക്കുന്നുണ്ടെന്ന് മണിക്‌റാവു കൊകാതെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു പദ്ധതിയില്‍ നാല് ശതമാനത്തില്‍ കുറവ് അഴിമതി നടന്നാല്‍ അത് തടയണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
1995നും 1997നും ഇടയില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഫ്‌ലാറ്റുകള്‍ ലഭിക്കുന്നതിന് വേണ്ടി വ്യാജ രേഖകള്‍ സമര്‍പ്പിച്ചുവെന്ന കുറ്റത്തിന് നാസിക് കോടതി കൊകാതെയെയും അദ്ദേഹത്തിന്റെ സഹോദരന്‍ സുനില്‍ കൊകാതെയെയും രണ്ട് വര്‍ഷം തടവിന് വിധിച്ചിരുന്നു.
Content Highlight: Maharashtra Agriculture Minister Manikrao Kokate, who played online rummy during the assembly session, has been transferred to the Sports and Youth Welfare Ministry