മഹാരാജാസില്‍ എസ്.എഫ്.ഐ- ഫ്രറ്റേര്‍ണിറ്റി സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്
Kerala News
മഹാരാജാസില്‍ എസ്.എഫ്.ഐ- ഫ്രറ്റേര്‍ണിറ്റി സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2019, 5:40 pm

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജില്‍ എസ്.എഫ്.ഐ- ഫ്രറ്റേര്‍ണിറ്റി സംഘര്‍ഷം. കാമ്പസിനകത്തെ യൂണിയന്‍ ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

കാലാവധി കഴിഞ്ഞ കോളെജ് യൂണിറ്റ് പൂട്ടാന്‍ ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഓഫീസ് അടച്ചുപൂട്ടാന്‍ കോളെജ് പ്രിന്‍സിപ്പലും ഇന്നലെ ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ പൂട്ടിച്ച യൂണിയന്‍ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തുറന്നതാണ് പെട്ടെന്നുള്ള സംഘര്‍ഷത്തിന് കാരണം.

ഓഫീസ് തുറന്നതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ടോടെ ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ ജാഥയായി യൂണിയന്‍ ഓഫീസിലെത്തുകയായിരുന്നു. എന്നാല്‍ കോളെജ് മാഗസിന്‍ വര്‍ക്ക് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും മാഗസീന്‍ എഡിറ്റര്‍ക്ക് യൂണിയന്‍ ഓഫീസ് ഉപയോഗിക്കാമെന്നും ചൂണ്ടികാട്ടിയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്ന് യൂണിയന്‍ ഓഫീസ് തുറന്നത് എന്നാണ് എസ്.എഫ്.ഐയുടെ വിശദ്ദീകരണം.

പിന്നാലെ ഓഫീസില്‍ വച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരും ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും പിന്നീട് സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. പെണ്‍കുട്ടികളടക്കം നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു.