'ഈ തമാശ അവന്റെ അമ്മയോടും പെങ്ങളോടും പോയി പറയാനാണ് ഞാന്‍ മറുപടി കൊടുത്തത്': മഹാലക്ഷ്മി
Entertainment news
'ഈ തമാശ അവന്റെ അമ്മയോടും പെങ്ങളോടും പോയി പറയാനാണ് ഞാന്‍ മറുപടി കൊടുത്തത്': മഹാലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th March 2023, 9:00 pm

 

തമിഴ് സീരിയല്‍ രംഗത്ത് തിളങ്ങിയ താരമാണ് മഹാലക്ഷ്മി. വീഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച അവര്‍ തമിഴ് സീരിയല്‍ ചിത്തിയിലെ കാവേരി എന്ന കഥാപാത്രത്തിലൂടെയാണ് തമിഴ് പ്രേക്ഷകരുടെ മനം കവരുന്നത്.

അതിന് ശേഷം പ്രേക്ഷക ശ്രദ്ധ നേടിയ ഒരുപിടി മികച്ച ടെലിവിഷന്‍ പരമ്പരകളിലും പിന്നീട് സിനിമകളിലും അവര്‍ തിളങ്ങി. 2022ല്‍ രവീന്ദ്രറുമായിട്ടുള്ള വിവാഹത്തോടെയാണ് മഹാലക്ഷ്മി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. തമിഴിലെ മുന്‍നിര നിര്‍മാതാവായ രവീന്ദ്രറുമായിട്ടുള്ള വിവാഹത്തിന് സോഷ്യല്‍ മീഡിയകളില്‍ വലിയ വിദ്വേഷ കമന്റുകളാണ് താരത്തിന് നേരെയുണ്ടായത്.

തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും തനിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളെക്കുറിച്ചും തുറന്ന് പറയുകയാണ് മഹാലക്ഷ്മിയിപ്പോള്‍. ജീവിത പങ്കാളി രവീന്ദ്രറിനൊപ്പം വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

ബോഡി ഷെയ്മിങ് തനിക്ക് പരിചിതമല്ലായിരുന്നെന്നും വിവാഹ ശേഷം വന്ന ഹേറ്റ് കമന്റുകള്‍ തന്നെ വിഷമിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സമയത്ത് തനിക്കെതിരെയും രവീന്ദ്രറിനെതിരെയും വലിയ രീതിയില്‍ വിദ്വേഷ കമന്റുകള്‍ ഉണ്ടായെന്നും മഹാലക്ഷ്മി പറഞ്ഞു.

കൂട്ടത്തില്‍ തന്റെ വിവാഹത്തെ കളിയാക്കി കമന്റിട്ട വ്യക്തിക്ക് കൊടുത്ത മറുപടിയെക്കുറിച്ചും താരം അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.

‘ബോഡിഷെയ്മിങ് എനിക്ക് പരിചിതമേ അല്ല. വിവാഹ ഫോട്ടോയ്ക്ക് ചുവടെ ഒരാള്‍ വളരെ മോശമായ ഒരു കാര്യം കമന്റിട്ടു. എന്നിട്ട് ബ്രാക്കറ്റില്‍ തമാശയാണെന്നും എഴുതി. ഈ തമാശ നിന്റെ അമ്മയോടും പെങ്ങളോടും പോയി പറഞ്ഞേക്ക് എന്നാണ് ഞാന്‍ മറുപടി കൊടുത്തത്.

എന്നിട്ടതിന്റെ കൂടെ ബ്രാക്കറ്റില്‍ ഇതും തമാശയാണേ, എന്നും കൂട്ടിച്ചേര്‍ത്തു. അതോടെ അയാള്‍ കമന്റും ഡിലീറ്റാക്കി പോയി,’ മഹാലക്ഷ്മി പറഞ്ഞു.

2022ല്‍ രവീന്ദ്രറിന്റെയും മഹാലക്ഷ്മിയുടെയും വിവാഹ സമയത്ത് വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കിങ്ങാണ് ഇരുവര്‍ക്കും നേരെ ഉണ്ടായത്. തന്നെക്കാള്‍ ഇരട്ടി തടിയുള്ള ആളെ വിവാഹം ചെയ്തതിനെ ചൊല്ലിയായിരുന്നു ഇരുവര്‍ക്കുമെതിരെ വിദ്വേഷ പ്രചരണമുണ്ടായത്.

Content Highlight: mahalakshmi says about her marriage life