മാധ്യമം ജീവനക്കാർക്കും ചിലത് പറയാനുണ്ട്; 'മാധ്യമം മാനേജിങ് കമ്മിറ്റി'യുടെ വിശദീകരണക്കുറിപ്പിന് മറുപടി
Kerala
മാധ്യമം ജീവനക്കാർക്കും ചിലത് പറയാനുണ്ട്; 'മാധ്യമം മാനേജിങ് കമ്മിറ്റി'യുടെ വിശദീകരണക്കുറിപ്പിന് മറുപടി
മുഹമ്മദ് നബീല്‍
Thursday, 26th February 2026, 5:24 pm

കോഴിക്കോട്: മാധ്യമം ദിനപത്രം മാനേജ്മെന്റിന്റെ തൊഴിലാളി സമരത്തിനെതിരെയുള്ള വിശദീകരണത്തിന് മറുപടിയുമായി ജീവനക്കാരുടെ സംയുക്ത സമരസമിതി.

‘സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുന്ന മാധ്യമത്തിന് പറയാനുള്ളത്’ എന്ന പേരിൽ മാനേജ്മെന്റ് കഴിഞ്ഞദിവസം പുറത്തിറക്കിയ വിശദീകരണത്തിനെതിരെയാണ് തൊഴിലാളികളുടെ മറുപടി.

ശമ്പള കുടിശിക പരിഹരിക്കാൻ പല വഴികളും തൊഴിലാളി യൂണിയനുകൾ മുന്നോട്ട് വച്ചെന്നും എന്നാൽ മാനേജ്മെന്റ് ഇതിനോടെല്ലാം മുഖം തിരിക്കുകയായിരുനെന്നും മാധ്യമം എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മിറ്റി കുറിപ്പിൽ പറയുന്നു.

യൂണിയനുകൾ സൂചനാ സമരം നടത്തിയിട്ടും പ്രശ്നങ്ങൾ പരിഹരിക്കാതെ വന്നപ്പോഴാണ് പ്രത്യക്ഷ സമരത്തിലേക്ക് കടന്നതെന്നും തൊഴിലാളികളുടെ വിശദീകരണ കുറിപ്പിൽ പറയുന്നു.

തൊഴിലാളി സമരങ്ങളെ സി.പി.ഐ.എം സ്‌പോൺസേർഡ് സമരമായിട്ടാണ് മാനേജ്മെന്റ് ചിത്രീകരിക്കുന്നത്, എന്നാൽ സി.ഐ.ടി.യു കൂടാതെ ഐ.എൻ.ടി.യു.സി, എസ്.ടി.യു ഉൾപ്പെടെ 11 സംഘടനകൾ അടങ്ങുന്ന സംയുക്ത ട്രേഡ് യൂണിയൻ സമിതിയാണ് സമരം നടത്തുന്നത്, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനാണ് സമരസമിതി അദ്ധ്യക്ഷനെന്നും പ്രസ്താവനയിൽ പറയുന്നു.

മുൻകാലങ്ങളിൽ ഒന്നര വർഷത്തെ ഡി.എ ഉപേക്ഷിച്ചും ശമ്പളത്തിന്റെ 15 ശതമാനം തിരിച്ചുനൽകിയും ജീവനക്കാർ സഹകരിച്ചിട്ടുണ്ട്, കഴിഞ്ഞ ഒൻപത് വർഷമായി ബോണസും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതെയാണ് തൊഴിലാളികൾ ജോലിചെയ്യുന്നത്.

മാനേജ്മെന്റ് കുറിപ്പിൽ ‘മാധ്യമത്തിലെ പ്രതിസന്ധി എന്താണ്’ എന്ന് ഉപശീർഷകമിട്ട ഭാഗം പ്രതിസന്ധിയുടെ കാരണം സമർത്ഥമായി അവഗണിക്കുകയാണ്. പ്രതിസന്ധിയുടെ കാരണങ്ങൾ മാനേജ്മെന്റിനു മുന്നിൽ യൂണിയൻ അക്കമിട്ടു നിരത്തിയതാണ് – ഒരു വ്യാഴവട്ടം മുമ്പ് തന്നെ. അതൊരു മുന്നറിയിപ്പ് കൂടിയായിരുന്നു. സ്ഥാപനം വളരുന്നതിന് അനുസരിച്ച് സ്വീകരിക്കേണ്ട പ്രൊഫഷനലിസം കൈവരിക്കാത്ത പ്രശ്നത്തിന് പുറമേ വലിയ രൂപത്തിലുള്ള ആസൂത്രണ പിഴവുകളും പാളിച്ചകളും ഉണ്ടായി. 2017ൽ പത്രം നടത്തിയ ഇന്റെർണൽ ഓഡിറ്റിങിനെക്കുറിച്ച് മാനേജ്മെന്റ് കുറിപ്പിൽ പറയുന്നുണ്ട്. അതിലെ കണ്ടെത്തലുകൾ മാനേജ്മെന്റിന്റെ കണ്ണുതുറപ്പിക്കേണ്ടതായിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് ജീവനക്കാർ ചെയ്തത്. അതിൽ മറ്റു ഇടപെടലുകൾക്കോ നടപടി ആവശ്യപ്പെടാനോ യൂണിയനുകൾ പോയിട്ടില്ല. ജീവനക്കാരുടെ എണ്ണക്കൂടുതലാണ് ഓഡിറ്റിങിൽ പ്രധാനമായും കണ്ടെത്തിയ കാര്യം. അതിന് തൊഴിലാളികൾ എന്തു പിഴച്ചു? മാധ്യമം നൽകിയ തൊഴിൽ പരസ്യങ്ങൾ പ്രകാരം അപേക്ഷിച്ച് പരീക്ഷയും ഇൻറർവ്യൂവും പാസായി മുന്നിലെത്തി പരിശീലനവും കഴിഞ്ഞ്‌ നിയമിക്കപ്പെട്ടവരാണ് ഭൂരിപക്ഷം ജീവനക്കാരും. അവരുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ സാധ്യതകളും മാധ്യമം നടത്തിപ്പുകാരുടെ വാക്കിൽ വിശ്വസിച്ച് ഇവിടെ സമർപ്പിച്ചവരാണ്. അവരോടാണ് ഒരു നിശ്ചിതകാലം കഴിഞ്ഞ് കുടിശിക ശമ്പളം വാങ്ങി പിരിഞ്ഞുപോയിക്കൊള്ളൂ എന്ന് പറയുന്നത്.

ഇപ്പോൾ ജീവനക്കാരുടെ എണ്ണം, സ്ഥാപനത്തിലെ പ്രതിസന്ധി മാറ്റാൻ ഇ​ന്റേണൽ ഓഡിറ്റ് കമ്മിറ്റി നിർദേശിച്ചതിലും താഴെയായി. 2019ൽ 850 ജീവനക്കാർ ഉണ്ടായിരുന്നത് 2022ൽ 600 താഴെയായി. കഴിഞ്ഞ ഡിസംബറിൽ അത് 384 ആയി. വിരമിക്കലും പിരിഞ്ഞുപോകലും പുതിയ സ്ഥിര നിയമനങ്ങൾ ഇല്ലാത്തതുമെല്ലാമായിരുന്നു കാരണം. അവശേഷിക്കുന്നവരിൽ ഒരു ജീവനക്കാരനും ആളില്ലാത്തതി​നെക്കുറിച്ചോ ജോലിഭാരത്തെക്കുറിച്ചോ പരാതി​പ്പെട്ടിട്ടില്ല. ഏറ്റവുമൊടുവിൽ ജനുവരി 31ന് 130 ലേറെ പേർ രാജിവെച്ചുപോയതോടെ നിലവിൽ സ്ഥിരം ജീവനക്കാരുടെ എണ്ണം 252 ആയി കുത്തനെ കുറഞ്ഞു. എന്നിട്ടും സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീർന്നില്ലെന്ന് പറയുന്നതിലെ യുക്തി എന്താണ്? ഇനിയും ജീവനക്കാർ കുറയണം പോൽ‌. മറുഭാഗത്ത്‌ കരാർ നിയമനം നിർബാധം തുടരുകയും ചെയ്യുന്നു.

കുടിശിക ഭാഗികമായി പിടിച്ചുവച്ച് ശമ്പളം ക്രമപ്പെടുത്താൻ യൂണിയൻ തയ്യാറായെങ്കിലും മധ്യസ്ഥർ കുടിശിക വർധിപ്പിക്കുന്ന തരത്തിലുള്ള നിർദ്ദേശമാണ് മുന്നോട്ട് വച്ചത്, പുനഃസംഘടനയുടെ പേരിൽ ആളുകളെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനുമാണ് നീക്കമെങ്കിൽ അത് വലിയ പ്രയാസം സൃഷ്ടിക്കുമെന്നും തൊഴിലാളികളുടെ മറുപടിയിൽ പറയുന്നു.

പത്രത്തിന്റെ മാനേജ്‍മെന്റ് നടപ്പാക്കിയ ഡിജിറ്റൽ നവീകരങ്ങൾ പരാജയപ്പെട്ടതിന് തൊഴിലാളികൾ ഉത്തരവാദികൾ അല്ലെന്നും സമരകാലത്തും ജീവനക്കാർ സ്ഥാപനത്തോട് നീതിപുലർത്തുന്നുണ്ടെന്നും ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഈ സമരമെന്നും മാനേജ്മെന്റിന് എതിരെയുള്ള തൊഴിലാളികളുടെ വിശദീകരണ കുറിപ്പിൽ പറയുന്നു.

Content Highlight: madyamam employees replays to managements explanation

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം