പോക്സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവ്
Kerala News
പോക്സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th February 2023, 4:03 pm

തൃശൂര്‍: പോക്സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവും എണ്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ചെര്‍പ്പുളശ്ശേരി സ്വദേശി റഷീദിനെയാണ് കോടതി ശിക്ഷിച്ചത്.

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി ലിഷ .എസാണ് ശിക്ഷവിധിച്ചത്. 2020 ആഗസ്റ്റ് 25ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അധ്യാപകനില്‍ നിന്നേറ്റ പീഡന വിവരം കുട്ടി വീട്ടില്‍ പറഞ്ഞതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പാവറട്ടി പൊലീസാണ് കേസെടുത്തിരുന്നത്.

അതേസമയം, കണ്ണൂര്‍ പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പോക്‌സോ പീഡന കേസില്‍ പ്രതിയെ ഇന്ന് മരണം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. രണ്ടര വയസുകാരിയെ പീഡിപ്പിച്ചതിന് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 47കാരനായ പരിയാരം സ്വദേശിയാണ് കേസിലെ പ്രതി.