കോടതി അലക്ഷ്യക്കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി
national news
കോടതി അലക്ഷ്യക്കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th May 2025, 2:26 pm

ചെന്നൈ: കോടതി അലക്ഷ്യക്കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. ചെന്നൈ മെട്രോ പൊളിറ്റന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി മുന്‍ മെമ്പറായ അന്‍ഷുല്‍ മിശ്ര ഐ.എ.എസിനാണ് ഒരു മാസത്തെ തടവും 25000 രൂപ പിഴയും കോടതി വിധിച്ചത്. പിഴത്തുക ഹരജിക്കാരായ ആര്‍. ലളിതാംബാളിനും കെ.എസ് വിശ്വനാഥനും നല്‍കണം.

1883ല്‍, സഹോദരങ്ങളായ ലളിതാംബികയുടേയും വിശ്വനാഥന്റേയും ചെന്നൈ നേസപ്പാക്കുള്ള 17 സെന്റ് സ്ഥലം തമിഴ്‌നാട് ഹൗസിങ് ബോര്ഡ് വാടക വീടുകള്‍ നിര്‍മിക്കുന്നതിനായി ഏറ്റെടുത്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ഭൂമിയില്‍ നിര്‍മാണങ്ങള്‍ നടക്കാതിരുന്നപ്പോള്‍ ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് 2003ല്‍ ഇവര്‍ കോടതിയെ സമീപിച്ചു.

നിയമപോരാട്ടത്തിനൊടുവില്‍ ഏകദേശം 10.5 സെന്റ് ഭൂമി അവര്‍ക്ക് തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ ബാക്കി 6.5 സെന്റ് നേസപാക്കത്തെ റോഡ് വീതി കൂട്ടുന്നതിനായി നിലനിര്‍ത്തി. എന്നാല്‍ വീണ്ടും തങ്ങളുടെ ഭൂമി വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഈ ഹരജി പരിഗണിച്ച ഹൈക്കോടതി 2023 സി.എം.ഡി.എ മെമ്പര്‍ സെക്രട്ടറിയായ അന്‍ഷുല്‍ മിശ്രയോട് രണ്ട് മാസത്തിനുള്ളില്‍ ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടാന് ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശം പാലിക്കപ്പെടാതെ വന്നതോടെ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ സഹോദരങ്ങള്‍ കോടതി അലക്ഷ്യ ഹരജി ഫയല്‍ ചെയ്യുകയായിരുന്നു.

പൊതുസേവകരുടെ ഇത്തരം പെരുമാറ്റങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതികള്‍ ഇടപെട്ടതിന് ശേഷവും ഉദ്യോഗസ്ഥര്‍ ഉത്തരവുകള്‍ നടപ്പിലാക്കുന്നത് വൈകിപ്പിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥനെതിരായ നടപടി.

Content Highlight: Madras High Court sentences IAS officer to one month in jail in contempt of court case