ചെന്നൈ: സ്ത്രീകളുടെ സമ്മതപ്രകാരമല്ലാതെ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് തന്നെ നീക്കം ചെയ്യാനുള്ള സംവിധാനമുണ്ടാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി.
മുന്‍ പങ്കാളി തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിച്ചതായി ആരോപിച്ച് ഒരു സ്ത്രീ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ച് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. അശ്ലീല വെബ്സൈറ്റുകള്‍, മെസേജിങ് ആപ്പുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ ഉള്ളടക്കം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നും ഇത് തനിക്ക് വലിയ മാനസിക ആഘാതമുണ്ടാക്കുന്നുണ്ടെന്നും ഹരജിക്കാരി വാദിച്ചു.
ഇത്തരം കേസുകള്‍ക്ക് പരാതി പരിഹാര സംവിധാനത്തിനായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കണം. പരാതികള്‍ കാര്യക്ഷമമായി പരിഹരിക്കുന്നതിനുള്ള ഒരു പ്രോട്ടോടൈപ്പ് സംവിധാനം സ്ഥാപിക്കണം. ഇക്കാര്യങ്ങള്‍ കുറിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തില്‍ നിന്നും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായ എ. കുമാരഗുരുവിനോട് കോടതി ആവശ്യപ്പെട്ടു.
സാങ്കേതിക വിദ്യ നമ്മുടെ പക്കലുണ്ടെന്നും സാധാരണക്കാരുടെ പ്രയോജനത്തിനായി അത് ഉപയോഗിക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ കണ്ടെത്തുകയാണ് വേണ്ടതെന്നും ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു. അതിജീവിത പവര്‍ഫുള്ളായ ആളായാല്‍ മാത്രമാണോ അധികാരികള്‍ നടപടിയെടുക്കുക എന്നും കോടതി ചോദിച്ചു.
ഹരജിക്കാരിയുടെ വീഡിയോകള്‍ ഉള്ള സൈറ്റുകള്‍ നിരോധിക്കണമെന്ന കോടതിയുടെ ഇടക്കാല നിര്‍ദേശം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പാലിച്ചുവെങ്കിലും ഒന്നിലധികം പ്ലാറ്റ്ഫോമുകളില്‍ ഉള്ളടക്കം വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്ന് ഹരജിക്കാരിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അബുദു കുമാര്‍ രാജരത്‌നം കോടതിയെ അറിയിച്ചു.
അത്തരം ഉള്ളടക്കം വീണ്ടും അപ്ലോഡ് ചെയ്യുന്നത് തടയുന്നതിന് ഫോട്ടോ ഡി.എന്‍.എ, എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യ തുടങ്ങിയവ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു. കേസ് കൈകാര്യം ചെയ്യുന്നതില്‍ തമിഴ്‌നാട് പൊലീസിന്റെ ഉദാസീനതയെയും കോടതി ശക്തമായി വിമര്‍ശിച്ചു. എഫ്.ഐ.ആറില്‍ പരാതിക്കാരിയുടെ പേര് എങ്ങനെയാണ് പരാമര്‍ശിച്ചതെന്നും പ്രതിയെ തിരിച്ചറിയാന്‍ എന്തിനാണ് നിരവധി പുരുഷ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ഇരുത്തി സ്വകാര്യ വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിച്ചതെന്നും ജസ്റ്റിസ് വെങ്കിടേഷ് ചോദിച്ചു.
ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീയോട് പൊലീസ് മര്യാദയോടെ പെരുമാറുന്നതിന് ഉചിതമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അടുത്ത ഹിയറിംഗില്‍ സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടര്‍ ഹസന്‍ മുഹമ്മദ് ജിന്ന ഹാജരാകണമെന്ന് ജഡ്ജി പൊലീസിനോട് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നത് അങ്ങേയറ്റം ശ്രദ്ധയോടെയും മനുഷ്യത്വത്തോടെയും ആയിരിക്കണമെന്നും ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു.
Content Highlight: Madras High Court says Women should be given a mechanism to remove private pictures posted online without consent