ചെന്നൈ: ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹശേഷം സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് നിരീക്ഷിച്ച കോടതി ഭര്‍ത്താവിന്റെ ഒപ്പില്ലാതെ തന്നെ ഭാര്യമാര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാമെന്നും ചൂണ്ടിക്കാട്ടി. ഭര്‍ത്താവിന്റെ ഒപ്പില്ലാത്തതിനാല്‍ പാസ്‌പോര്‍ട്ട് നിരസിക്കപ്പെട്ട യുവതി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്ന യുവതി പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചപ്പോഴാണ് റീജിണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന് ആവശ്യപ്പെട്ടത്.
യുവതി അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. അന്വേഷിച്ചപ്പോള്‍, അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് വാങ്ങണമെന്നും അതിനുശേഷം മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്. ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്.
ഹരജിക്കാരിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണെന്നിരിക്കെ അസാധ്യമായ ഒരു കാര്യം നിറവേറ്റാന്‍ ആര്‍.പി.ഒ യുവതിയെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു.
2023ല്‍ വിവാഹിയായ യുവതി വിവാഹമോചനം ആവശ്യപ്പെട്ട് ഒരു പ്രാദേശിക കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ ഹരജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
വിവാഹിതരായ സ്ത്രീകളെ ഭര്‍ത്താവിന്റെ സ്വത്തായി കണക്കാക്കുന്ന സമൂഹത്തിന്റെ മനോഭാവമാണ് ആര്‍.പി.ഒയുടെ ഈ നിര്‍ബന്ധം കാണിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
വിവാഹശേഷം ഹര്‍ജിക്കാരിയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നില്ലെന്നും ഭര്‍ത്താവിന്റെ അനുമതിയോ ഒപ്പോ ഇല്ലാതെ ഭാര്യക്ക് എപ്പോഴും പാസ്പോര്‍ട്ടിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.
‘പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഭര്‍ത്താവിന്റെ അനുവാദം ആവശ്യപ്പെടുന്ന രീതി സ്ത്രീ വിമോചനത്തിലേക്ക് നീങ്ങുന്ന ഒരു സമൂഹത്തിന് നല്ലതല്ല. ഈ രീതി പുരുഷ മേധാവിത്വത്തിന് തുല്യമാണ്, ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
ഹര്‍ജിക്കാരി സമര്‍പ്പിച്ച അപേക്ഷ പ്രോസസ്സ് ചെയ്യാനും പാസ്പോര്‍ട്ട് നല്‍കാനും ജഡ്ജി ആര്‍.പി.ഒയോട് നിര്‍ദേശിച്ചു. ഈ പ്രക്രിയ നാല് ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.
Content Highlight: Madras High Court says wife is not husband’s private property; women’s identity does not disappear after marriage