അഭിഭാഷകയുടെ സ്വകാര്യദൃശ്യങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ നീക്കണമെന്ന് കേന്ദ്രത്തോട്‌ മദ്രാസ് ഹൈക്കോടതി
India
അഭിഭാഷകയുടെ സ്വകാര്യദൃശ്യങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ നീക്കണമെന്ന് കേന്ദ്രത്തോട്‌ മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2025, 8:16 am

ചെന്നൈ: യുവ അഭിഭാഷകയുടെ സ്വകാര്യദൃശ്യങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി. മനുഷ്യന് വേണമെങ്കില്‍ ഒരു ഭീകരജീവിയായി മാറാന്‍ സാധിക്കുമെന്നും പ്രതിയുടെ പ്രവര്‍ത്തിയെ ചൂണ്ടിക്കാട്ടി ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് നിരീക്ഷിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും ഹരജിക്കാരിയെ സംബന്ധിച്ച് ഇത് ഓരോ മിനുട്ടിലും ലംഘിക്കപ്പെടുകയാണെന്നും അതിനാല്‍ എത്രയും പെട്ടെന്ന് ഈ വീഡിയോ പിന്‍വലിച്ച് അഭിഭാഷകയ്ക്ക് ഭാവിയിലെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ അവസരമൊരുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

അഭിഭാഷകയായ പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ആണ്‍സുഹൃത്ത് ഇരുവരും തമ്മിലുള്ള സ്വകാര്യനിമിഷങ്ങള്‍ ക്യാമറയില്‍ റെക്കോഡ് ചെയ്യുകയും അത് സമൂഹമാധ്യമങ്ങള്‍ വഴിയും പോണ്‍ സൈറ്റുകള്‍ വഴിയും പ്രചരിപ്പിക്കുകയുമായിരുന്നു. എഴുപതോളം വെബ്‌സൈറ്റുകളിലാണ് ഇയാള്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

ഈ സംഭവത്തില്‍ യുവ അഭിഭാഷകയ്ക്ക് വ്യക്തിപരവും പ്രൊഫഷണലുമായി ഒരുപാട് നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നുവെന്ന് കോടതി നിരീക്ഷിച്ചു. വാദം കേള്‍ക്കുന്നതിനിടെ തന്റെ മകള്‍ക്കാണ്‌ ഇത്തരത്തിലൊരു കാര്യം സംഭവിച്ചതെന്ന് ജസ്റ്റിസ് വെങ്കിടേഷ് ചോദിച്ചിരുന്നു.

ഐ.ടി ആക്ടിലെ അധികാരം ഉപയോഗിച്ച് വീഡിയോ 48 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘ആര്‍ട്ടിക്കിള്‍ 21ന്റെ ഗുരുതരമായ ലംഘനങ്ങള്‍ നടക്കുമ്പോള്‍, പൗരന്മാര്‍ക്ക് മാത്രമല്ലാ എല്ലാ വ്യക്തികള്‍ക്കും ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഒരു ഭരണഘടനാ കോടതിയുടെ കടമയാണെന്നാണ് ഈ കോടതിയുടെ നിരീക്ഷണം. ആര്‍ട്ടിക്കിള്‍ 21 സ്വകാര്യതയ്ക്കുള്ള അവകാശവും അന്തസ്സിനുള്ള അവകാശവും ഉറപ്പുനല്‍കുന്നു. ഹരജിക്കാരനെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും ഇത് ലംഘിക്കപ്പെടുന്നു,’ ജഡ്ജി പറഞ്ഞു.

രാജ്യത്തുടനീളം പെണ്‍കുട്ടികള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ദല്‍ഹി ഹൈക്കോടതി വളരെയധികം പരിശ്രമിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹരജിക്കാരിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനായ അബ്ദു കുമാര്‍ രാജരത്‌നം ദല്‍ഹി ഹൈക്കോടതി ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അധികാരികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിശ്ചയിച്ചിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന്റെ വാദം കേള്‍ക്കുന്നതിനായി ജൂലായ് 14 ലിലേക്ക് മാറ്റി.

Content Highlight: Madras High court orders to delete intimate images of young advocate from online