കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് തന്നെ; സണ്‍ പിക്‌ചേഴ്‌സ് നല്‍കിയ ഹരജി തള്ളി മദ്രാസ് ഹൈക്കോടതി
India
കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് തന്നെ; സണ്‍ പിക്‌ചേഴ്‌സ് നല്‍കിയ ഹരജി തള്ളി മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th August 2025, 11:32 am

ചെന്നൈ: രജിനികാന്ത് ചിത്രം കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് സണ്‍ പിക്‌ചേഴ്‌സ് നല്‍കിയ ഹരജി തള്ളി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ടി.വി തമിള്‍സെല്‍വി ആയിരുന്നു ഹരജി പരിഗണിച്ചത്.

ഹരജിയില്‍ യാതൊരു കഴമ്പുമില്ലെന്ന് പറഞ്ഞ കോടതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നിലപാട് ശരിവെച്ചു.

ചിത്രത്തിന് ലഭിച്ച എ സര്‍ട്ടിഫിക്കറ്റ് ഫാമിലി പ്രേക്ഷകരെ അകറ്റി നിര്‍ത്തുകയാണെന്നും ചിത്രം റീസര്‍ട്ടിഫൈ ചെയ്യണമെന്നുമാണ് നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് കോടതിയില്‍ വാദിച്ചത്. ഒരു മാസ് എന്റര്‍ടൈമെന്റ് ചിത്രത്തിന് നിര്‍ണായകമായ വിഭാഗമാണ് കുടുംബ പ്രേക്ഷകരെന്നും അവര്‍ വാദിച്ചു.

എന്നാല്‍ കൂലി സിനിമയില്‍ നിരവധി അക്രമസക്തവും അങ്ങേയറ്റം ഭീഷണിപ്പെടുത്തുന്നതുമായ രംഗങ്ങളുമുണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍ സുന്ദരേശന്‍ വാദിച്ചു.

മൂന്ന് പതിറ്റാണ്ടിനിടയില്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ രജിനികാന്ത് ചിത്രമാണ് കൂലി. 1989ല്‍ ശിവ എന്ന ചിത്രത്തിനായിരുന്നു അവസാനമായി എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കൂലി. വിക്രം, ലിയോ എന്നീ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ രജിനികാന്തായിരുന്നു നായകന്‍.

വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. കേരളത്തില്‍ 500ലധികം സ്‌ക്രീനുകളിലാണ് കൂലി പ്രദര്‍ശനത്തിനെത്തിയത്. ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 23.8 കോടിയായിരുന്നു ചിത്രം കേരളത്തില്‍ നിന്ന് നേടിയത്.

Content Highlight: Madras High Court dismisses Sun Pictures’ petition against A certificate for Coolie Movie