ചെന്നൈ: ഭരണകക്ഷി ടി.വി.കെയ്ക്കും മുഖ്യമന്ത്രി വിജയ്ക്കും എതിരായ 18 എക്‌സ് പോസ്റ്റുകള്‍ നീക്കം ചെയ്യാനും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള തമിഴ്‌നാട് പൊലീസ് സൈബര്‍ ക്രൈം വിഭാഗത്തിന്റെ നോട്ടീസ് മദ്രാസ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. മേയ് എട്ടിന് സൈബര്‍ ക്രൈം വിഭാഗം പുറപ്പെടുവിച്ച ഉത്തരവാണ് റദ്ദാക്കിയത്. വി.എച്ച്.പി നേതാവ് പി. ചൊക്കലിംഗം നല്‍കിയ പരാതിയിലാണ് ജസ്റ്റിസുമാരായ എല്‍. വിക്ടോറിയ ഗൗരിയുടെയും എന്‍. സെന്തില്‍കുമാറിന്റെയും ബെഞ്ചിന്റെ നടപടി.
ഐ.ടി ആക്ട് 2000ലെ 79(3)(ബി) വകുപ്പ്, 2021ലെ ഐടി ചട്ടങ്ങളിലെ റൂള്‍ 3(1)(ഡി) എന്നിവ പ്രകാരമാണ് സമൂഹമാധ്യമമായ എക്‌സിന് പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം നോട്ടീസ് അയച്ചത്. വിവിധ ഉപഭോക്താക്കളില്‍ നിന്നുള്ള 18 പോസ്റ്റുകളുടെ യു.ആര്‍.എല്ലുകള്‍ ഡിലീറ്റ് ചെയ്യാന്‍ നോട്ടീസില്‍ നിര്‍ദേശിക്കുന്നു. വലതുപക്ഷ യൂട്യൂബറായ മാരിദാസ് മലൈച്ചാമിയുടേതടക്കമുള്ള എക്‌സ് അക്കൗണ്ടുകളിലെ പോസ്റ്റുകള്‍ ഇതിലുള്‍പ്പെടുന്നു.
ഓരോ പോസ്റ്റും പ്രത്യേകം വിലയിരുത്താതെ വിവിധ ഉപഭോക്താക്കളുടെ ലിങ്കുകള്‍ നീക്കം ചെയ്യാനായി ഒരു പൊതുവായ നിര്‍ദേശം പുറപ്പെടുവിക്കാനാവില്ലെന്ന് ചൊക്കലിംഗത്തിന്റെ പരാതിയില്‍ പറയുന്നു. പരാതിയില്‍ കോടതി സര്‍ക്കാരിന്റെ പ്രതികരണം തേടിയിട്ടുണ്ട്.

