മലബാര്‍ മേഖലയിലെ മദ്രാസ് നിയമസഭാ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യണം: കത്തയച്ച് കെ.പി. നൗഷാദ് അലി എം.എല്‍.എ
Kerala News
മലബാര്‍ മേഖലയിലെ മദ്രാസ് നിയമസഭാ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യണം: കത്തയച്ച് കെ.പി. നൗഷാദ് അലി എം.എല്‍.എ
ആദര്‍ശ് എം.കെ.
Tuesday, 30th June 2026, 4:35 pm

 

തിരുവനന്തപുരം: 1921 മുതല്‍ 1956 വരെയുള്ള കാലയളവില്‍ മദ്രാസ് ലെജിസ്ലേറ്റിവ് കൗണ്‍സിലിലും അസംബ്ലിയിലും മലബാര്‍ മേഖലയെ പ്രതിനിധീകരിച്ചിരുന്ന അംഗങ്ങളുടെ പ്രസംഗങ്ങളും ഇടപെടലുകളും ഡിജിറ്റല്‍ രേഖകളുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി എം.എല്‍.എ കെ.പി. നൗഷാദ് അലി നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

തിരുവിതാംകൂര്‍, കൊച്ചി, തിരുവിതാംകൂര്‍-കൊച്ചി നിയമനിര്‍മാണ സഭകളുടെ 1888 മുതലുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത് നിലവില്‍ കേരള നിയമസഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ചരിത്ര ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ശ്ലാഘനീയമായ ഈ പദ്ധതിയില്‍, സംഭവബഹുലമായ ഒരു കാലഘട്ടത്തിലെ മലബാറിന്റെ നിയമസഭാ ചരിത്രം കൂടി ഉള്‍പ്പെടുത്തണമെന്നാണ് എം.എല്‍.എയുടെ ആവശ്യം.

1921 മുതല്‍ 1956 വരെയുള്ള കാലഘട്ടം കേരള ചരിത്രത്തില്‍ ഏറെ നിര്‍ണായകമാണ്.

മലബാര്‍ കലാപം, ജന്മി-കുടിയാന്‍ ബന്ധ പരിഷ്‌കരണ നിയമങ്ങള്‍, രണ്ടാം ലോകമഹായുദ്ധവും കോണ്‍ഗ്രസ് മന്ത്രിസഭകളുടെ രാജിയും, വിവിധ ബ്രിട്ടീഷ് ഭരണപരിഷ്‌കാരങ്ങളോടുള്ള ഇന്ത്യന്‍ ദേശീയതയുടെ നിലപാടുകള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന തുടങ്ങി എണ്ണമറ്റ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലയളവാണിത്. ഈ സമയത്ത് മലബാര്‍ പ്രദേശത്തെ ജനകീയ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിച്ച സാമാജികരുടെ ഇടപെടലുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.വി. കുട്ടിമാളു അമ്മ, എം.പി. ഗോവിന്ദമേനോന്‍, അഡ്വ. ബി. പോക്കര്‍, വി.ആര്‍. കൃഷ്ണയ്യര്‍ തുടങ്ങി പിന്നീട് കേരള രാഷ്ട്രീയത്തെയും സമൂഹത്തെയും നയിച്ച നിരവധി മഹാരഥന്മാരും, പില്‍ക്കാലത്ത് പൊതുരംഗത്ത് സജീവമല്ലാതെ പോയവരും അക്കാലത്ത് മലബാറിനെ പ്രതിനിധീകരിച്ച് മദിരാശി അസംബ്ലിയില്‍ ഉണ്ടായിരുന്നു. ഇവരുടെയെല്ലാം പ്രസംഗങ്ങളും ഇടപെടലുകളും ഡിജിറ്റലൈസ് ചെയ്ത് ചേര്‍ത്താല്‍ മാത്രമേ നിയമസഭാ വെബ്സൈറ്റിലെ നിലവിലെ വിജ്ഞാന നിധി പൂര്‍ണ്ണമാകൂ.

മദ്രാസ് അസംബ്ലിയിലെ ഇത്തരം പഴയകാല രേഖകള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള ശ്രമങ്ങള്‍ തമിഴ്നാട് നിയമസഭ ആരംഭിച്ചതായി പത്രവാര്‍ത്തകളുണ്ട്. അതിനാല്‍, തമിഴ്നാട് നിയമസഭാ സ്പീക്കറുമായും സര്‍ക്കാരുമായും ബന്ധപ്പെട്ട്, മലബാറിനെ പ്രതിനിധീകരിച്ച അംഗങ്ങളുടെ പ്രസംഗങ്ങളും മറ്റ് ഇടപെടലുകളും ഡിജിറ്റല്‍ രൂപത്തിലാക്കി നമ്മുടെ നിയമസഭയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ സത്വരമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

 

Content highlight: Madras Assembly records in Malabar region should be digitized: K.P. Naushad Ali MLA writes in letter

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.