മദീന ബസ് തീപിടുത്തം: കൊല്ലപ്പെട്ടവരില്‍ ഹൈദരാബാദില്‍ നിന്നുള്ള ഒരു കുടുംബത്തിലെ 18 പേര്‍
India
മദീന ബസ് തീപിടുത്തം: കൊല്ലപ്പെട്ടവരില്‍ ഹൈദരാബാദില്‍ നിന്നുള്ള ഒരു കുടുംബത്തിലെ 18 പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th November 2025, 7:39 pm

മദീന: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഉംറയ്‌ക്കെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 42 ഇന്ത്യക്കാര്‍ മരിച്ചു. ഒരാളുടെ ജീവന്‍ രക്ഷിക്കാനായി.

ഹൈദരാബാദില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്ന് തലമുറകളില്‍ പെട്ട 18 പേരുടെ ജീവനും ദാരുണമായ അപകടത്തില്‍ നഷ്ടമായി.

ഒരേ കുടുംബത്തില്‍പ്പെട്ട ഒമ്പത് കുട്ടികളും ഒമ്പത് മുതിര്‍ന്നവരുമാണ് മരിച്ചതെന്ന് മുഹമ്മദ് ആസിഫെന്ന ഇവരുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഷെയ്ഖ് നസീറുദ്ദീന്‍ (70), ഭാര്യ അക്തര്‍ ബീഗം (62), മകന്‍ ഷെയ്ഖ് സലാവുദ്ദീന്‍ (42), പെണ്‍മക്കളായ ആമിന (44), റിസ്വാന (38), ഷബാന (40) എന്നിവരും അവരുടെ മക്കളുമാണ് മരണപ്പെട്ടത്.

എട്ട് ദിവസം മുമ്പ് യാത്ര തിരിച്ച ഈ കുടുംബം ശനിയാഴ്ച മടങ്ങാനിരിക്കെയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ഞായറാഴ്ച രാത്രി അപകടമുണ്ടായത്. ദുരന്തത്തില്‍ 42 പേരാണ് മരിച്ചത്.

മദീനയ്ക്ക് സമീപം 30 കിലോമീറ്ററിനടുത്തുള്ള പ്രദേശത്ത് വെച്ച് ഡീസല്‍ ടാങ്കര്‍ ലോറിയുമായി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ ബസിന് തീപിടിക്കുകയും ചെയ്തു. യാത്രക്കാര്‍ ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.

സൗദി ഭരണകൂടം സംഭവത്തില്‍ സമ്പൂര്‍ണമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്താണ് സംഭവച്ചതെന്ന് ഇപ്പോഴും അറിയില്ല. ഏത് തരത്തിലുള്ള അപകടമാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

സംഭവത്തില്‍ ഇവര്‍ സഞ്ചരിച്ച ട്രാവല്‍ ഏജന്‍സിക്കെതിരെ അന്വേഷണം നടത്തുകയും കര്‍ശനമായ ശിക്ഷ നല്‍കുകയും വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ ദുഖം രേഖപ്പെടുത്തി. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് സൗദി അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Content Highlight: Madina bus fire: 18 members of a family from Hyderabad among those killed