കൊവിഡിന്റെ 'ഇന്ത്യന്‍ വകഭേദം' ബി.ജെ.പിക്ക് മാത്രം അംഗീകരിക്കാനായിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്; കേസെടുത്ത് ക്രൈംബ്രാഞ്ച്
national news
കൊവിഡിന്റെ 'ഇന്ത്യന്‍ വകഭേദം' ബി.ജെ.പിക്ക് മാത്രം അംഗീകരിക്കാനായിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്; കേസെടുത്ത് ക്രൈംബ്രാഞ്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th May 2021, 7:36 am

ന്യൂദല്‍ഹി: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. കൊവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചെന്ന് ആരോപിച്ചാണ് കമല്‍നാഥിനെതിരെ കേസെടുത്തത്.

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ശാസ്ത്രലോകം അംഗീകരിച്ചിട്ടും ബി.ജെ.പി അംഗീകരിച്ചില്ലെന്നായിരുന്നു കമല്‍നാഥിന്റെ പ്രസ്താവന. ബി.1.617 കൊവിഡ് വേരിയന്റിനെ ഇന്ത്യന്‍ വേരിയന്റ് എന്ന് ടാഗ് ചെയ്തുകൊണ്ടായിരുന്നു പരാമര്‍ശം.

പരാമര്‍ശത്തിനെതിരെ ബി.ജെ.പി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുരന്ത നിവാരണ നിയന്ത്രണ നിയമത്തിലെ 188ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

കമല്‍നാഥിന്റെ പരാമര്‍ശത്തിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്തെത്തി.

എന്നാല്‍ കമല്‍നാഥിന്റെ പരാമര്‍ശങ്ങള്‍ രാജ്യത്തെ ജനതയുടെ വികാരത്തെ വ്രണപ്പെടുത്തില്ലേ എന്നും ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമല്ലേ എന്നുമാണ് ചൗഹാന്‍ ചോദിച്ചത്.

ഇന്ത്യന്‍ വകഭേദം എന്നൊന്നില്ല എന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ബി. 1.617 എന്നത് ഇന്ത്യന്‍ വകഭേദമാണ് എന്ന് ലോകാരോഗ്യ സംഘടന എവിടെയും പറഞ്ഞിട്ടില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു.

ബി.1.617 എന്നത് കൊവിഡിന്റെ ഇന്ത്യന്‍ വകഭേദമാണ് എന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും നീക്കം ചെയ്യാന്‍ കേന്ദ്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

കൊവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദം വ്യാപിക്കുന്നു എന്ന നിലയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് തെറ്റായ കാര്യമാണെന്നുമാണ് ഐ. ടി മന്ത്രാലയം നല്‍കിയ കത്തില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Madhyapradesh Police took case against Kamalnath alleging statement against covid