ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എ.ബി.പി ന്യൂസ് സി.വോട്ടര്‍ സര്‍വ്വേ. 122 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.
108 സീറ്റുകളുമായി തൊട്ടുപിന്നില്‍ ബി.ജെ.പിയുമുണ്ട്.
കര്‍ഷകരുടെ രോഷം, തൊഴിലില്ലായ്മ, അഴിമതി, ഭരണവിരുദ്ധവികാരം എന്നിവയുടെ ഗുണം കോണ്‍ഗ്രസിനു ലഭിക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗ വാര്‍റൂം സ്ട്രാറ്റജീസ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. 142 സീറ്റുകള്‍ ബി.ജെ.പി നേടുമെന്നും കോണ്‍ഗ്രസ് 77 സീറ്റുകളില്‍ ചുരുങ്ങുമെന്നാണ് ടൈംസ് നൗ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നവംബര്‍ 28നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ് നടന്നത്. 75.05% റെക്കോര്‍ഡ് പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. മുന്‍ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 2.53% വോട്ടിങ് ശതമാനം വര്‍ധിച്ചിരുന്നു.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ ഏറ്റവും സഹായിച്ച പ്രദേശങ്ങളില്‍ ഒന്നാണ് മാല്‍വ മേഖല. മാല്‍വ മേഖല കേന്ദ്രീകരിച്ചാണ് കര്‍ഷകരുടെ വിഷയം ഇത്തവണ കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടത്. ഈ മേഖലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കര്‍ഷക പ്രക്ഷോഭങ്ങള്‍ വ്യാപകമായിരുന്നു. ഈ മേഖലയില്‍ വോട്ടിങ് ശതമാനം വലിയ തോതില്‍ ഉയരുകയും ചെയ്തിരുന്നു.
