പൊതു സ്ഥലങ്ങളില്‍ മാംസം വില്‍ക്കുന്നത് നിരോധിക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി
Madhyapradesh
പൊതു സ്ഥലങ്ങളില്‍ മാംസം വില്‍ക്കുന്നത് നിരോധിക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th December 2023, 9:46 pm

ഭോപ്പാല്‍: പൊതു സ്ഥലങ്ങളില്‍ മാംസം വില്‍ക്കുന്നത് നിരോധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. മതപരമായ ഇടങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണി ഉപയോഗിക്കുന്നതും നിരോധിച്ചതായി മുഖ്യമന്ത്രി മോഹന്‍ യാദവ് ഉത്തരവിറക്കി.

‘ഇന്ന് ഞങ്ങളുടെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിരവധി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. തുറന്ന സ്ഥലത്ത് മാംസം വില്‍ക്കുന്നതിന്റെ പ്രശ്‌നം ഞങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഈക്കാര്യങ്ങളില്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കന്‍ നിര്‍ദേശിച്ചിട്ടുണ്ട്,’ മുഖ്യമന്ത്രി മോഹന്‍ യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സത്യപ്രതിജ്ഞ ചെയ്ത മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പുറപ്പെടുവിച്ച ആദ്യ ഉത്തരവായിരുന്നു ഇതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജേഷ് രജോറ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് അടിയന്തരമായി നടപ്പിലാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും രാജേഷ് രജോറ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം മതപരമായ സ്ഥലങ്ങളില്‍ പാട്ടുകള്‍ പ്ലേ ചെയ്യുന്ന ഉച്ചഭാഷിണികളുടെയും ഡി.ജെ സംവിധാനങ്ങളുടെയും ശബ്ദ നിലവാരം നിരീക്ഷിക്കാന്‍ ഓരോ ജില്ലയിലും ഒരു ഫ്‌ളയിങ് സ്‌ക്വാഡ് രൂപീകരിക്കുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.

വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം എന്നീ മേഖലകളില്‍ തന്റെ സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുവെന്നും മോഹന്‍ യാദവ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: Madhya Pradesh CM orders ban on sale of meat in public places