പഞ്ചവടിപ്പാലം, ഗുരു, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ് സെയ്ന്റ് തുടങ്ങി ഏതൊരു കാലത്തും പ്രേക്ഷകര്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം മഹാവീര്യറും ഉണ്ടാകും: മധുപാല്‍
Film News
പഞ്ചവടിപ്പാലം, ഗുരു, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ് സെയ്ന്റ് തുടങ്ങി ഏതൊരു കാലത്തും പ്രേക്ഷകര്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം മഹാവീര്യറും ഉണ്ടാകും: മധുപാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th July 2022, 1:30 pm

എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം മഹാവീര്യര്‍ക്ക് അഭിനന്ദനവുമായി സംവിധായകനും നടനുമായ മധുപാല്‍. റാഷമോണ്‍, സെവന്ത് സീല്‍, മാട്രിക്‌സ് തുടങ്ങിയ നിരവധി അന്യാപദേശ കഥകളുടെ ശ്രേണിയിലാണ് മഹാവീര്യറെന്നും പഞ്ചവടിപ്പാലം, ഗുരു, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ് സെയ്ന്റ തുടങ്ങി ഏതൊരു കാലത്തും സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം മഹാവീര്യറും ഉണ്ടാകുമെന്നും മധുപാല്‍ പറഞ്ഞു.

നിവിന്‍ പോളിയും ആസിഫ് അലിയും ഉള്‍പ്പെടെ ചിത്രത്തില്‍ അഭിനയിച്ചവരെയും മധുപാല്‍ അഭിനന്ദിച്ചു. മുകുന്ദേട്ടന്റെ ഒരു കഥയിലെ അത്ഭുതങ്ങള്‍ മലയാളി പ്രേക്ഷകരെ മറ്റൊരു ലോകത്തിലേക്കു നയിക്കുകതന്നെ ചെയ്യുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

മധുപാലിന്റെ കുറിപ്പ്

മഹാവീര്യര്‍ കണ്ടു. മലയാളം സിനിമകളില്‍ നാളേക്കായും നിര്‍മിച്ച ചിത്രം മനുഷ്യനുണ്ടായ കാലം മുതല്‍ നിലനില്‍ക്കുന്ന സ്വാര്‍ത്ഥതയും അത്യാഗ്രഹങ്ങളും അധികാരഗര്‍വും ഇനിയുള്ള നാളിലും തുടരുമെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ ചിത്രം.

കഥ പറയുന്ന രീതിയും സ്വഭാവവും ലോകസിനിമകളുടെ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ട്. റാഷമോണ്‍, സെവന്ത് സീല്‍, മാട്രിക്‌സ് തുടങ്ങിയ നിരവധി അന്യാപദേശ കഥകളുടെ ശ്രേണിയിലാണ് മഹാവീര്യര്‍. പഞ്ചവടിപ്പാലം, ഗുരു, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ് സെയ്ന്റ തുടങ്ങി ഏതൊരു കാലത്തും സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം മഹാവീര്യറും ഉണ്ടാകും.

ഭരിക്കുന്നവര്‍ എന്നും പ്രജകളുടെ കണ്ണീരില്‍ ആഹ്ലാദം കാണുക തന്നെയാണ്. സഹജീവികളോട് ഒട്ടും അനുതാപമില്ലാതെ അവര്‍ ഭരിക്കും. കാര്യസാധ്യത്തിനാക്കായി അവര്‍ സ്‌നേഹവും പ്രണയവും നല്‍കും. ശേഷം വലിച്ചെറിയുന്നത് ഇര പോലുമറിയില്ല. രാജ്യസ്‌നേഹവും ദേശീയതയുമൊക്കെ ഭരിക്കുന്നവര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പൗരാണിക കാലം മുതലേ ഉണ്ടെന്നും ഇന്നും അതിന്റെ തുടര്‍ച്ച ലോകം കാണുന്നുവെന്നും രാഷ്ട്രീയവും സാമൂഹികവുമായ ഉച്ചനീച്ചത്വങ്ങളുടെ കറുത്തഹാസ്യം ഒരു സിനിമയില്‍ അവതരിപ്പിക്കുക എന്ന അത്ഭുതമാണ് എബ്രിഡ് ഷൈന്‍ – നിവിന്‍ പോളി കൂട്ടുകെട്ടില്‍ സംഭവിച്ചിരിക്കുന്നത്.

ആരൊക്കെ എങ്ങനെയൊക്കെ മാറിയാലും മാറാതെ നില്‍ക്കുന്ന ഒരടയാളത്തെ, രൂപത്തെ നിവിന്‍ സ്വശരീരത്തിലേക്ക് ആവാഹിച്ചതും അതിനെ കാലികമാക്കിയതും അനായാസമായ അഭിനയപകര്‍ച്ച കൊണ്ടാണ്. രാജാവാഴ്ചക്കാലത്തെ രാജാവായി ലാല്‍, അദ്ദേഹത്തെ അനുസരിക്കുന്ന മന്ത്രിയായി ആസിഫ്, ഇരയായ പെണ്‍കുട്ടി, നീതി ആര്‍ക്ക് നടപ്പിലാക്കുമെന്ന് അറിയാതെ ഉഴലുന്ന ജഡ്ജായി സിദ്ധിഖ്, ആധുനിക കാലത്തെ കഥാപാത്രങ്ങള്‍ ഒക്കെ ഈ ചിത്രത്തിലെ അത്ഭുതങ്ങളാണ്.

ഇന്ത്യയില്‍ ഒരിക്കലും ഒരു രാജാവും കോടതിമുറിയില്‍ വിചാരണക്കായി വന്നു നിന്നിട്ടില്ല. ആരെയും കോടതി ശിക്ഷിച്ചിട്ടുമില്ല. അധികാരമുള്ളപ്പോള്‍ നിയമവും നീതിയും ഭരിക്കുന്നവര്‍ക്കൊപ്പം എന്ന് പറയാതെ പറയുന്ന മറ്റൊരാത്ഭുതവും ഈ സിനിമയിലുണ്ട്. മുകുന്ദേട്ടന്റെ ഒരു കഥയില്‍ നിന്ന് ഈ അത്ഭുതങ്ങള്‍ മലയാളി പ്രേക്ഷകരെ മറ്റൊരു ലോകത്തിലേക്കു നയിക്കുകതന്നെ ചെയ്യും. പ്രിയപ്പെട്ടവരേ,
എക്കാലത്തേക്കുമായി ഒരു സിനിമ തന്നതിന്
അഭിനന്ദനങ്ങള്‍
പ്രിയപ്പെട്ട എബ്രിഡ് ഷൈന്‍, നിവിന്‍പോളി

Content Highlight:  Madhupal says Mahaveeryar, along with Panchavadipalam, Guru, Pranchiyetan and The Saint, will always be the talk of the town