എഡിറ്റര്‍
എഡിറ്റര്‍
കിഷോര്‍കുമാറിന്റെ ജീവിതം സിനിമയാക്കുന്നത് വിവാദത്തില്‍
എഡിറ്റര്‍
Monday 20th May 2013 12:07pm

Kishore-Kumar

വിഖ്യാത ഗായകന്‍ കിഷോര്‍ കുമാറിന്റെ ജിവിതം സിനിമയാക്കുന്നത് വിവാദത്തില്‍. റണ്‍ബീര്‍ കപൂറിനെ നായകനാക്കി അനുരാഗ് ബസുവാണ് കിഷോര്‍ കുമാറിന്റെ ജീവിതം സിനിമയാക്കുന്നത്.

സിനിമയെ കുറിച്ച് പ്രഖ്യാപിച്ച് ഏറെ നാളായെങ്കിലും ഇതുവരെ മറ്റ് ജോലികളൊന്നും ആരംഭിച്ചിട്ടില്ല. റണ്‍ബീര്‍ കപൂറിന്റെ ഡേറ്റ് ലഭിക്കാത്തതാണ് ഷൂട്ടിങ് തുടങ്ങാത്തതിന് കാരണമായി പറയുന്നത്.

Ads By Google

എന്നാല്‍ കിഷോര്‍ കുമാറിന്റെ ഭാര്യമാരില്‍ ഒരാളായ മുന്‍ നടി മധുബാലയുടെ കുടുംബത്തിന്റെ എതിര്‍പ്പാണ് ഷൂട്ടിങ് വൈകിപ്പിക്കുന്നതെന്നും അറിയുന്നു.

കിഷോര്‍ കുമാറിന്റെ നാല് ഭാര്യമാരില്‍ ഒരാളാണ് മധുബാല. ചിത്രത്തില്‍ മധുബാലയേയും കുടുംബത്തേയും അപമാനിക്കുന്ന തരത്തില്‍ എന്തെങ്കിലുമുണ്ടായാല്‍ കോടതിയില്‍ സമീപിക്കുമെന്നും ചിത്രത്തിന്റെ റിലീസിങ് തടസ്സപ്പെടുത്തുമെന്നും ഇപ്പോഴേ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മധുബാലയുടെ സഹോദരി മധുര്‍ ഭൂഷണ്‍.

തന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാന്‍ അനുവദിക്കില്ലെന്നും മധുര്‍ ഭൂഷണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മധുബാല മികച്ച നടിയായിരുന്നു. നടന്‍ ദിലീപ് കുമാറുമായി അവര്‍ക്ക് പ്രണയമുണ്ടായിരുന്നു. എന്നാല്‍ കിഷോര്‍കുമാറിനെ മധുബാല വിവാഹം കഴിച്ചതുമൊക്കെ അവര്‍ക്ക് പറയാം. ഇതില്‍ കൂടുതലൊന്നും പറയാന്‍ ഞാന്‍ അനുവദിക്കില്ല. മധുര്‍ ഭൂഷണ്‍ പറയുന്നു.

കിഷോര്‍കുമാറും മധുബാലയും തമ്മിലുണ്ടായിരുന്ന വഴക്കാണ് അവര്‍ ഹൈലൈറ്റ് ചെയ്യാന്‍ പോകുന്നതെങ്കില്‍ താന്‍ അതിനെ എതിര്‍ക്കും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് സാധാരണമാണ്. സത്യം അറിയുന്നത് കിഷോറിനും എന്റെ സഹോദരിക്കും എനിക്കും മാത്രമാണ്.

കിഷോറിന്റെ ജീവിതം സിനിമയാക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സത്യം പറയുക എന്നതാവണം. മസാല പടമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ താന്‍ അതിനെ എതിര്‍ക്കും. മധുര്‍ പറഞ്ഞു.

Advertisement