അവസാനകാലത്ത് താരമെന്ന നിലയില്‍ നിന്ന് ഒരുപാട് അടിത്തട്ടിലേക്കിറങ്ങി അഭിനയിക്കേണ്ടി വന്നത് പ്രേം നസീറിനെ വേദനിപ്പിച്ചിരുന്നുവെന്ന് പറയുകയാണ് നടന്‍ മധു. ജാതകം എന്ന സിനിമയുടെ ഷൂട്ടിങ് ഒറ്റപ്പാലത്ത് നടക്കുമ്പോഴാണ് നസീറിന്റെ മരണവാര്‍ത്ത താന്‍ അറിയുന്നതെന്നും ആ മുഖം അവസാനമായി ഒന്ന് കാണാന്‍ തോന്നിയില്ലെന്നും നടന്‍ പറയുന്നുണ്ട്.
ചേതനയറ്റ അദ്ദേഹത്തിന്റെ മുഖം മനസില്‍ പതിയേണ്ടെന്ന് കരുതിയാണ് താന്‍ കാണാന്‍ പോകാതിരുന്നതെന്നും മധു പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഭിനയജീവിതത്തില്‍ വര്‍ഷങ്ങള്‍ കടന്നുപോകുന്നത് പ്രേം നസീര്‍ അറിഞ്ഞിരുന്നില്ലേ, അഥവാ അറിഞ്ഞിട്ടും താരമായി എന്നും തുടരാമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നോ? പലപ്പോഴും എനിക്ക് അത് തോന്നിയിട്ടുണ്ട്.
എന്തായാലും ആര്‍ക്കും സിനിമയില്‍ എന്നും താരമായി തുടരാന്‍ കഴിയില്ല. പക്ഷേ, പ്രേക്ഷക മനസുകളില്‍ താരമായി നില്‍ക്കാനായെന്ന് വരും. അവസാനകാലത്ത് താരമെന്ന നിലയില്‍ നിന്ന് ഒരുപാട് അടിത്തട്ടിലേക്കിറങ്ങി അഭിനയിക്കേണ്ടി വന്നത് നസീറിനെ വേദനിപ്പിച്ചിരുന്നു.
എന്നാല്‍ മരണശേഷവും എന്നും മായാതെ നില്‍ക്കുന്ന താരമായി നിന്ന് ആ ആഗ്രഹം നസീര്‍ സഫലീകരിക്കുന്നുണ്ട്. ജാതകം എന്ന സിനിമയുടെ ഷൂട്ടിങ് ഒറ്റപ്പാലത്ത് നടക്കുമ്പോഴാണ് നസീറിന്റെ മരണവാര്‍ത്ത ഞാന്‍ അറിയുന്നത്.
ആ മുഖം അവസാനമായി ഒന്ന് കാണാന്‍ തോന്നിയില്ല. ചേതനയറ്റ അദ്ദേഹത്തിന്റെ മുഖം മനസില്‍ പതിയേണ്ടെന്ന് കരുതി. മായാത്ത പുഞ്ചിരിയുടെ മധുരിമയുമായി പ്രേം നസീര്‍ ഇനി വരാനിരിക്കുന്ന തലമുറ കളിലേക്കുകൂടി ഒഴുകിപ്പരക്കട്ടെ. ഭാവസാന്ദ്രമായ ഒരു ഗാനംപോലെ,’ മധു പറയുന്നു.
അഭിനേതാവ് എന്ന നിലയില്‍ തന്റെ കഴിവുകള്‍ വേണ്ടവിധം പ്രകടിപ്പിക്കാന്‍ കഴിയാതെ പോയ നടനാണ് പ്രേം നസീറെന്നും നടന്‍ പറയുന്നുണ്ട്. അത് പൂര്‍ണമായും പ്രേം നസീറിന്റെ കുറ്റമല്ലെന്നും ഒരിക്കലും തന്റെ ഇമേജിനെ ബ്രേക്ക് ചെയ്യാന്‍ നസീര്‍ ശ്രമിച്ചില്ലെന്നും മധു പറഞ്ഞു.
അങ്ങനെയൊരു ശ്രമം അദ്ദേഹത്തില്‍ നിന്നും ഉണ്ടായിരുന്നുവെങ്കില്‍ നസീറിന്റെ മികച്ച ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാളത്തിന് ലഭിക്കുമായിരുന്നെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റണ്ടും പാട്ടുമൊക്കെയായി തിരശ്ശീല നിറയാനാണ് നസീര്‍ ഇഷ്ടപ്പെട്ടതെന്നും മധു പറയുന്നു.