ഇന്നത്തെ പല സിനിമകളും കാണുമ്പോള്‍ അറിയാതെ ഓര്‍ക്കുന്നത് ഒരേയൊരു സംവിധായകനെ: മധു
Malayalam Cinema
ഇന്നത്തെ പല സിനിമകളും കാണുമ്പോള്‍ അറിയാതെ ഓര്‍ക്കുന്നത് ഒരേയൊരു സംവിധായകനെ: മധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th August 2025, 1:50 pm

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ സിനിമാ മേഖലയില്‍ ഉണ്ടായ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ് മികച്ച സിനിമകളുടെ ഭാഗമായി മാറിയ നടനാണ് മധു. നിലവില്‍ മലയാള സിനിമയിലെ ഏറ്റവും സീനിയറായിട്ടുള്ള നടനാണ് അദ്ദേഹം.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലെ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാളികളുടെ പ്രിയ സംവിധായകന്‍ ഐ.വി ശശിയെ കുറിച്ച് പറയുകയാണ് മധു.

‘ഇരുപ്പം വീട്ടില്‍ ശശിധരന്‍ എന്ന ഐ.വി ശശിയെ അറിഞ്ഞ് തുടങ്ങിയത് എന്ന് മുതലാണെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും അദ്ദേഹത്തിന്റെ ആദ്യചിത്രമായ ഉത്സവം മുതല്‍ ആ പേര് ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

അതിനുമുമ്പ് സിനിമാ ലൊക്കേഷനിലോ സ്റ്റുഡിയോകളിലോ വെച്ച് ഞങ്ങള്‍ കണ്ടുമുട്ടിയിരിക്കാം. പക്ഷേ ഐ.വി ശശി എന്ന സംവിധായക പ്രതിഭയെ പോലെ ശശി എന്ന മനുഷ്യനെയും എന്നും ഹൃദയത്തില്‍ ചേര്‍ത്തുവെച്ചിരുന്നു,’ മധു പറഞ്ഞു.

സിനിമക്കപ്പുറമുള്ള തങ്ങളുടെ സൗഹൃദം അങ്ങനെയായിരുന്നുവെന്നും വ്യക്തിജീവിതത്തിലെ പല കാര്യങ്ങളും മൂത്ത ഒരു സഹോദരനോടെന്ന പോലെ തന്നോട് തുറന്നുപറയാന്‍ ശശി ഒട്ടും മടി കാണിച്ചിരുന്നില്ലെന്നും നടന്‍ പറയുന്നു.

എന്നിട്ടും എന്തൊക്കെയോ പറയാന്‍ ബാക്കി വെച്ചത് പോലെയായിരുന്നു ഐ.വി ശശി വിട വാങ്ങിയതെന്ന് മധു ഓര്‍ക്കുന്നു. ആ വേര്‍പാട് മലയാള സിനിമക്കുണ്ടായ കനത്ത നഷ്ടം പോലെ വ്യക്തിപരമായി തന്നെയും വേദനിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനോട് സംസാരിക്കുകയായിരുന്നു നടന്‍.

‘പുതിയ കാലത്തെ പല സിനിമകളും കാണുമ്പോള്‍ അറിയാതെ ശശിയെ ഓര്‍ത്തുപോകും. ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ വലിയ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഐ.വി ശശിയിലെ സംവിധായകന്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്.

ആ കാലത്തേക്കൂടി തിരിച്ചറിഞ്ഞ് വേണം ശശിയുടെ സംഭാവനകളെ വിലയിരുത്താന്‍. അത്തരമൊരു വിലയിരുത്തല്‍ നടത്തുമ്പോള്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ഐ.വി ശശി എന്തായിരുന്നുവെന്നും ആരായിരുന്നുവെന്നും നമ്മള്‍ക്ക് മനസിലാക്കാനാവൂ,’ മധു പറയുന്നു.

Content Highlight: Madhu Talks About IV Sasi