അന്ന് ലാല്‍ ഫോണ്‍ ബച്ചന് കൈമാറി; നിരന്തരം കാണാതെ ഒരാള്‍ക്ക് സുഹൃത്താകാമെന്നതിന്റെ ഉദാഹരണം: മധു
Indian Cinema
അന്ന് ലാല്‍ ഫോണ്‍ ബച്ചന് കൈമാറി; നിരന്തരം കാണാതെ ഒരാള്‍ക്ക് സുഹൃത്താകാമെന്നതിന്റെ ഉദാഹരണം: മധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th August 2025, 10:40 pm

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ സിനിമാ മേഖലയില്‍ ഉണ്ടായ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ് മികച്ച സിനിമകളുടെ ഭാഗമായി മാറിയ നടനാണ് മധു. മലയാള സിനിമയിലെ ഏറ്റവും സീനിയറായിട്ടുള്ള നടനാണ് അദ്ദേഹം.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലെ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സാത്ത് ഹിന്ദുസ്ഥാനി ആയിരുന്നു മധുവിന്റെ ആദ്യ ഹിന്ദി ചിത്രം. സുബോധ് സന്യാല്‍ എന്ന ബംഗാളിയുടെ വേഷമായിരുന്നു മധു ചെയ്തത്.

1969ല്‍ ഇറങ്ങിയ ഈ സിനിമയില്‍ അമിതാഭ് ബച്ചനും അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സിനിമ കൂടിയായിരുന്നു സാത്ത് ഹിന്ദുസ്ഥാനി. ഇപ്പോള്‍ അമിതാഭ് ബച്ചനെ കുറിച്ച് സംസാരിക്കുകയാണ് മധു.

സാത്ത് ഹിന്ദുസ്ഥാനി സിനിമയില്‍ തങ്ങള്‍ക്കൊപ്പം അഭിനയിച്ച ബച്ചന്‍ പിന്നീട് ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്കുയര്‍ന്നുവെന്നും ബിഗ് ബിയായി മാറിയെന്നും മധു പറയുന്നു. ബച്ചന്റെ ആ ഉയര്‍ച്ച തനിക്ക് ഏറെ സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് മുംബൈയില്‍ പോകുമ്പോള്‍ വല്ലപ്പോഴും താന്‍ ബച്ചനെ കാണുമായിരുന്നെന്നും മധു കൂട്ടിച്ചേര്‍ത്തു. താരസംഘടനയായ AMMAയുടെ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ബച്ചന്‍ കോഴിക്കോട്ട് വന്നപ്പോഴും കണ്ടിരുന്നെന്നും അന്ന് സാത്ത് ഹിന്ദുസ്ഥാനിയുടെ ഓര്‍മകള്‍ തങ്ങള്‍ പങ്കുവെച്ചുവെന്നും നടന്‍ പറയുന്നു.

‘കുറച്ച് കാലങ്ങള്‍ക്ക് മുമ്പാണ് ഒരു ദിവസം മോഹന്‍ലാലിന്റെ കോള്‍ വരുന്നത്. ഊട്ടിയില്‍ കാണ്ഡഹാറിന്റെ സെറ്റില്‍ നിന്നാണ് ലാല്‍ വിളിച്ചത്. ബച്ചന്‍ ലാലിനൊപ്പം അഭിനയിക്കാന്‍ എത്തിയതായിരുന്നു.

എന്നോട് സംസാരിച്ച ശേഷം ലാല്‍ ഫോണ്‍ ബച്ചന് കൈമാറി. അന്നും ബച്ചനുമായി കുറെ വിശേഷങ്ങള്‍ പങ്കുവെച്ചു. നിരന്തരമായ കൂടിക്കാഴ്ചകളോ ഫോണ്‍വിളികളോ ഒന്നുമില്ലാതെ തന്നെ ഒരാള്‍ക്ക് നല്ല സുഹൃത്തായി മനസില്‍ ഇടം നേടാമെന്നതിന്റെ വലിയ ഉദാഹരണമാണ് ബച്ചന്‍,’ മധു പറഞ്ഞു.

സാത്ത് ഹിന്ദുസ്ഥാനി:

1969ല്‍ പുറത്തിറങ്ങിയ ഹിന്ദി ആക്ഷന്‍ ചിത്രമാണ് സാത്ത് ഹിന്ദുസ്ഥാനി. ഖ്വാജ അഹമ്മദ് അബ്ബാസ് രചനയും സംവിധാനവും നിര്‍വഹിച്ച് നിര്‍മിച്ച ചിത്രമാണിത്. പോര്‍ച്ചുഗീസ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ഗോവയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന ഏഴ് ഇന്ത്യക്കാരുടെ കഥയാണ് ഈ സിനിമ പറഞ്ഞത്.

മധുവിനും അമിതാഭ് ബച്ചനും പുറമെ ഉത്പല്‍ ദത്ത്, ഷെഹ്‌നാസ്, ജലാല്‍ ആഘ, അന്‍വര്‍ അലി, മധുകര്‍ തുടങ്ങിയ മികച്ച താരനിരയാണ് ഈ ചിത്രത്തിനായി ഒന്നിച്ചത്.

Content Highlight: Madhu Talks About Amitabh Bachchan