അവസരങ്ങള്‍ ചോദിക്കാന്‍ ചമ്മലാണ്; പക്ഷേ പാടാന്‍ സിനിമയില്‍ പാട്ടുകളില്ല: മധു ബാലകൃഷ്ണന്‍
Malayalam Cinema
അവസരങ്ങള്‍ ചോദിക്കാന്‍ ചമ്മലാണ്; പക്ഷേ പാടാന്‍ സിനിമയില്‍ പാട്ടുകളില്ല: മധു ബാലകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st September 2025, 8:42 am

മലയാളികള്‍ക്ക് സുപരിചിതയായ ഗായകനാണ് മധു ബാലകൃഷ്ണന്‍. ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 100ലധികം ഗാനങ്ങള്‍ ആലപിച്ചു. വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി.

മലയാളത്തെക്കാളും അന്യഭാഷകളില്‍ മധു പാടിയിട്ടുണ്ട്. മലയാളത്തില്‍ വേണ്ടവിധം താങ്കളെ ഉപയോഗിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മധു ബാലകൃഷ്ണന്‍. ഗൃഹലക്ഷമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ഗായകനെ സംബന്ധിച്ച് അവസരം ലഭിക്കുന്നതാണ് സന്തോഷം നല്‍കുന്ന കാര്യം. കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടുന്ന ആളാണ് ഞാന്‍. അവസരങ്ങള്‍ ചോദിക്കാന്‍ എനിക്കെന്തോ ചമ്മലാണ്. ഇക്കാലത്ത് ഞാന്‍ ഇങ്ങനെയെങ്കിലും നിലനില്‍ക്കുന്നല്ലോ. വല്ലപ്പോഴും പാടാന്‍ സാധിക്കുന്നു എന്നതു തന്നെ വലിയ കാര്യമാണ്. ഇന്ന് ഇഷ്ടം പോലെ സിനിമകളുണ്ട്. എല്ലാവര്‍ക്കും അവസരം കിട്ടേണ്ട കാലമാണ്. പക്ഷേ, പാടാന്‍ സിനിമയില്‍ പാട്ടുകളില്ല,’ മധു ബാലകൃണന്‍ പറഞ്ഞു.

വ്യത്യസ്ത ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, തുളു, സൗരാഷ്ട്ര, ബംഗാളി തുടങ്ങിയ ഭാഷകളിലും ഈയിടെ സിംഹളയിലും മറാഠിയിലും താന്‍ പാടിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘കുട്ടിക്കാലം മുതല്‍ക്കേ തമിഴ് അറിയാം. നാട് ഒറ്റപ്പാലത്തായിരുന്നെങ്കിലും എന്റെ അച്ഛന്‍ ജനിച്ചുവളര്‍ന്നത് കോയമ്പത്തൂരായിരുന്നു. അതുകൊണ്ട് അച്ഛന് തമിഴേ അറിയുമായിരുന്നുള്ളൂ. മദ്രാസില്‍ പഠിക്കാന്‍ പോയപ്പോള്‍ ആന്ധ്രയില്‍നിന്നും കര്‍ണാടകയില്‍ നിന്നും സുഹൃത്തുക്കളുണ്ടായി. അതും സഹായമായി. ദൈവാനുഗ്രഹം കൊണ്ട് ഏതു ഭാഷയുടെയും ഭാഷാരീതികളും ഉച്ചാരണവും മനസിലാക്കി പാടാന്‍ സാധിക്കാറുണ്ട്,’ മധു ബാലകൃഷ്ണന്‍ പറയുന്നു.

Content Highlight: Madhu Balakrishnan is responding to the question of whether he feels he has not been used enough in Malayalam