മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അലൈപായുതേ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് ചുവടുവെച്ച നടനാണ് മാധവന്‍. ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ റൊമാന്റിക് ഹീറോയായിരുന്നു അദ്ദേഹം. എന്നാല്‍ ചോക്ലേറ്റ് ഹീറോ ഇമേജിന് പുറമെ ആക്ഷന്‍ വേഷങ്ങളും തനിക്ക് ചേരുമെന്ന് അദ്ദേഹം തെളിയിച്ചു. തമിഴിന് പുറമെ ഹിന്ദി അടക്കമുള്ള അന്യഭാഷകളിലും തിരക്കുള്ള നായകനാണ് മാധവന്‍.
ഇപ്പോള്‍ പ്രിയങ്ക ചോപ്രയെ കുറിച്ച് സംസാരിക്കുകയാണ് മാധവന്‍. പ്രിയങ്ക അഭിനയിക്കുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രം ഹെഡ്സ് ഓഫ് സ്റ്റേറ്റ് റിലീസിന് തയ്യാറെടുക്കുകയാണ്. പ്രിയങ്കയുടെ നേട്ടം തനിക്ക് മാത്രമല്ല, ഇന്ത്യയ്ക്കും അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യയിലെ പകുതി നായികമാരും പ്രിയങ്ക ചോപ്രയെ പോലെ ആകാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രിയങ്ക അഭിനയിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവര്‍ക്കും ആഗ്രഹമുണ്ടെന്നും മാധവന്‍ പറഞ്ഞു. എത്ര വലിയ ഉയരത്തില്‍ എത്തിയാലും എല്ലാവരോടും ഒരുപോലെയാണ് പ്രിയങ്ക പെരുമാറുന്നതെന്നും താന്‍ അവരുടെ വലിയൊരു ആരാധകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാധവന്‍.
‘പ്രിയങ്ക അത്ര ചെറിയ പുള്ളിയൊന്നുമല്ല. ഹോളിവുഡില്‍ പോയാണ് അവള്‍ ഒരു ലീഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതും ആ സിനിമയില്‍ അവള്‍ ഒരു ആക്ഷന്‍ ഹീറോയിന്‍ ആണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇന്ത്യയിലെ പകുതി നായികമാരും അവളെ പോലെ ആകാന്‍ ആഗ്രഹിക്കുന്നുണ്ട്.
അവര്‍ക്കെല്ലാവര്‍ക്കും പ്രിയങ്കയുടെ സ്ഥാനത്ത് അത്രയും വലിയൊരു പ്രൊജക്റ്റിന്റെ ഭാഗമാകാന്‍ ഇഷ്ടമായിരിക്കും. പ്രിയങ്ക എത്ര വലിയ സ്ഥാനത്തെത്തിയാലും പണ്ട് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് മറ്റുള്ളവരുമായി ഇടപഴകുന്നത്. ഞാന്‍ എന്നും അവളുടെ ആരാധകനായിരിക്കും. പ്രിയങ്കയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്,’ മാധവന്‍ പറയുന്നു.