എന്റെ ഡേറ്റ് എന്നാണ് വേണ്ടതെന്നാണ് ഷാരൂഖ് തിരിച്ചുചോദിച്ചത്, നിങ്ങള്‍ക്കായി ഒരു റോള്‍ ഈ ചിത്രത്തിലില്ലെന്ന് ഞാന്‍ പറഞ്ഞു: മാധവന്‍
Film News
എന്റെ ഡേറ്റ് എന്നാണ് വേണ്ടതെന്നാണ് ഷാരൂഖ് തിരിച്ചുചോദിച്ചത്, നിങ്ങള്‍ക്കായി ഒരു റോള്‍ ഈ ചിത്രത്തിലില്ലെന്ന് ഞാന്‍ പറഞ്ഞു: മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd June 2022, 3:00 pm

ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം സിനിമയാവുന്ന റോക്കെട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. മാധവനാണ് ചിത്രത്തില്‍ നമ്പി നാരായണനാവുന്നത്. മാധവന്‍ തന്നെയാണ് റോക്കെട്രിയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്.

സിനിമയില്‍ തെന്നിന്ത്യന്‍ താരം സൂര്യയും ബോളിവുഡ് താരം ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇരുവരും സ്വയം മുന്‍കയ്യെടുത്താണ് ചിത്രത്തിലെത്തിയത് എന്ന് പറയുകയാണ് മാധവന്‍. ഷാരൂഖ് ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രത്യേകം താല്‍പര്യം കാണിച്ചുവെന്നും ഇതേപറ്റി പല പ്രാവശ്യം തന്നോട് സംസാരിച്ചുവെന്നും മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ മാധവന്‍ പറഞ്ഞു.

‘ഈ സിനിമയില്‍ അഭിനയിക്കാന്‍ സൂര്യയും ഷാരൂഖ് ഖാനും സ്വയം മുന്‍കയ്യെടുക്കുകയായിരുന്നു. ഞാന്‍ അവരോട് ചോദിച്ചിട്ടില്ല. ഷാരൂഖിന്റെ സീറോ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഈ സ്‌ക്രിപ്റ്റ് പറഞ്ഞിരുന്നു. സൂര്യ എന്റെ അടുത്ത സുഹൃത്താണ്, ഈ സിനിമയെ പറ്റി അദ്ദേഹത്തിനും അറിയാമായിരുന്നു.

ഷാരൂഖിന്റെ പിറന്നാളിന് പങ്കെടുക്കാന്‍ പോയപ്പോള്‍ അദ്ദേഹം റോക്കെട്രിയില്‍ അഭിനയിക്കാനുള്ള താല്‍പര്യം പറഞ്ഞു. ഞാനാണ് സിനിമയില്‍ നായകന്‍ എന്ന് അദ്ദേഹത്തോട് പറഞ്ഞു. പുറകില്‍ കൂടി നടന്നു പോകുന്ന എന്തെങ്കിലും രംഗം മതിയെന്ന് അദ്ദേഹം പറഞ്ഞു. കാരണം നമ്പി നാരായണന്റെ കഥ ഷാരൂഖിന് ഇഷ്ടപ്പെട്ടിരുന്നു. പിറന്നാളായതുകൊണ്ട് അതിന്റെ സന്തോഷത്തില്‍ വല്ലതും പറയുന്നതാണെന്നാണ് ഞാന്‍ കരുതിയത്.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഈ സംഭവം ഓര്‍മിപ്പിച്ച ഷാരൂഖിന് ഒരു മെസേജ് അയക്കാന്‍ ഭാര്യ പറഞ്ഞു. അദ്ദേഹം എന്റെ സിനിമ ഓര്‍ത്തിരിക്കുന്നുണ്ടല്ലോ. സിനിമയെ പറ്റിയുള്ള അന്വേഷണത്തിന് നന്ദി എന്ന് പറഞ്ഞ് ഞാന്‍ അദ്ദേഹത്തിന് ഒരു മെസേജ് അയച്ചു. എന്റെ ഡേറ്റ് എന്നാണ് വേണ്ടതെന്നാണ് ഷാരൂഖ് തിരിച്ചുചോദിച്ചത്. നിങ്ങള്‍ക്കായി ഒരു റോള്‍ ഈ ചിത്രത്തിലില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

അതിനു ശേഷവും ഷാരൂഖിന്റെ മാനേജര്‍ വിളിച്ച് അദ്ദേഹത്തിന് സിനിമയില്‍ ഭാഗമാകണമെന്നുള്ള ആഗ്രഹം പറഞ്ഞുകൊണ്ടിരുന്നു. ഇത് ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്, വെറുതെ ആശ തന്നിട്ട് അദ്ദേഹം വരാതിരുന്നാല്‍ എനിക്ക് വിഷമമാവും എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഷാരൂഖ് വരുമെന്ന് മാനേജര്‍ പറഞ്ഞു.

ഷാരൂഖ് വന്നു. സിനിമയില്‍ അഭിനയിച്ചു, നമ്പി നാരായണന്‍ സാറിനെ കണ്ടു. അദ്ദേഹത്തോട് വളരെ ബഹുമാനത്തോടെയാണ് ഷാരൂഖ് സംസാരിച്ചത്. ഈ ചിത്രത്തില്‍ അഭിനയിച്ചതിന് അദ്ദേഹം പ്രതിഫലം വാങ്ങിയില്ല,’ മാധവന്‍ പറഞ്ഞു.

Content Highlight: Madhavan says that sharook khan came to the film on their own initiative