റിലീസായി രണ്ടാം ദിവസം തന്നെ ധുരന്ധറിന് 'ഡിസാസ്റ്റര്‍' എന്ന് റിവ്യൂ പറഞ്ഞവരുണ്ട്, അവരോടുള്ള ബഹുമാനം കുറഞ്ഞു: മാധവന്‍
Indian Cinema
റിലീസായി രണ്ടാം ദിവസം തന്നെ ധുരന്ധറിന് 'ഡിസാസ്റ്റര്‍' എന്ന് റിവ്യൂ പറഞ്ഞവരുണ്ട്, അവരോടുള്ള ബഹുമാനം കുറഞ്ഞു: മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th December 2025, 9:00 am

ആദ്യദിനം അത്ര കണ്ട് ശോഭിച്ചില്ലെങ്കിലും പിന്നീട് വേര്‍ഡ് ഓഫ് മൗത്തിലൂടെ തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആദിത്യധര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങാണ് നായകനായി വേഷമിട്ടത്.

ചിത്രത്തിന് പലരും മനപൂര്‍വം മോശം റിവ്യൂ പങ്കുവെച്ചെന്ന് അഭിപ്രായപ്പെടുകയാണ് നടന്‍ മാധവന്‍. റിവ്യൂ അറിഞ്ഞ് സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന കാലമാണിതെന്നും അതിനാല്‍ റിവ്യൂ പലതും ആളുകളെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂജാ തല്‍വാര്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

‘പലരും ഇപ്പോള്‍ റിവ്യൂ നോക്കിയാണ് സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ആളുകളെ സ്വാധീനിക്കാന്‍ റിവ്യൂകള്‍ക്ക് സാധിക്കും. ചിലയാളുകള്‍ ഈ സിനിമക്ക് നല്‍കിയ റിവ്യൂ ശരിക്കും എന്നെ ഞെട്ടിച്ചു. രണ്ടാമത്തെ ദിവസമെങ്ങാണ്ടാണ് ഞാനത് കണ്ടത്. റിവ്യൂവിന്റെ തലക്കെട്ട് തന്നെ ‘ഡിസാസ്റ്റര്‍’ എന്നായിരുന്നു.

ഒരു പടത്തെ ഇങ്ങനെ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് അപ്പോള്‍ ചിന്തിച്ചു. അവരുടെ അജണ്ടയാണ് ആ തലക്കെട്ടിലൂടെ പുറത്തുവന്നത്. എനിക്ക് അവരോടുള്ള ബഹുമാനം ഈയൊരൊറ്റ കാര്യത്തോടെ കുറഞ്ഞു. നല്ല സിനിമകളെ റിവ്യൂ ചെയ്ത് തകര്‍ക്കാനാകില്ലെന്ന് നേരിട്ട് കണ്ട അനുഭവം എനിക്കുണ്ട്,’ മാധവന്‍ പറയുന്നു.

താനും ആമിര്‍ ഖാനും സിദ്ധാര്‍ത്ഥും അഭിനയിച്ച ക്ലാസിക് ചിത്രം രംഗ് ദേ ബസന്തിക്ക് ആദ്യദിനം മോശം റിവ്യൂവായിരുന്നു ലഭിച്ചതെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. പല വിതരണക്കാരും ചിത്രം പിന്‍വലിക്കാന്‍ ശ്രമിച്ചെന്നും സംവിധായകന്റെയും ആമിര്‍ ഖാന്റെയും നിര്‍ദേശമനുസരിച്ച് സിനിമ ഹോള്‍ഡ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

രംഗ് ദേ ബസന്തിക്ക് ചില മുഖ്യാധാരാ മീഡിയകള്‍ വെറും രണ്ട് സ്റ്റാര്‍ മാത്രമായിരുന്നു നല്കിയത്. എന്നിട്ട് ആ സിനിമക്ക് സംഭവിച്ചത് പലരും കണ്ടതാണല്ലോ. പ്രേക്ഷകരാണ് എല്ലാവരെക്കാളും മുകളില്‍. അവരുടെ തീരുമാനത്തെ ഒരു തരത്തിലും നമുക്ക് സ്വാധീനിക്കാനാകില്ല,’ മാധവന്‍ പറയുന്നു.

Content Highlight: Madhavan about the negative review of Dhurandhar