സുരേഷ് ഗോപിയുടെ മകനെന്ന നിലയില്‍ സിനിമയിലേക്കെത്തിയ താരമാണ് മാധവ് സുരേഷ്. ദുല്‍ഖര്‍ സല്‍മാനും, സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മാധവ് ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. ഒരൊറ്റ സീനില്‍ മാത്രമാണ് താരം വന്നുപോയത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാനും മാധവിന് സാധിച്ചു.
ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരളയിലും മാധവ് സുരേഷ് പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സുരേഷ് ഗോപി നായകനായെത്തിയ ചിത്രത്തില്‍ നവീന്‍ എന്ന കഥാപാത്രത്തെയാണ് മാധവ് അവതരിപ്പിച്ചത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മാധവ് സുരേഷ്. താന്‍ കേട്ടതില്‍ വെച്ച് ഏറ്റവും മികച്ച സ്‌ക്രിപ്റ്റ് ജെ.എസ്.കെയുടേതാണെന്ന് മാധവ് സുരേഷ് പറഞ്ഞു.
ഈ ചെറിയ കാലത്തിനിടയില്‍ താന്‍ നാല്പതോളം സ്‌ക്രിപ്റ്റുകള്‍ കേട്ടെന്നും അതില്‍ നമ്പര്‍ വണ്‍ എന്ന് തോന്നിയത് ഈ സിനിമയുടേതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഈ സിനിമയുടെ കഥയോടും അതിന്റെ കഥാപാത്രങ്ങളോടും തനിക്ക് പ്രത്യേക ആകര്‍ഷണം തോന്നിയെന്നും മാധവ് സുരേഷ് പറയുന്നു. റെഡ് എഫ്.എം.മലയാളത്തോട് സംസാരിക്കുകയായിരുന്നു മാധവ് സുരേഷ്.
‘ജെ.എസ്.കെയെക്കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ ഇതുവരെ കേട്ടതില്‍ ഏറ്റവും ബെസ്റ്റ് സ്‌ക്രിപ്റ്റാണ് ഈ സിനിമയുടേത്. ഈ ചെറിയ കാലത്തിനിടയില്‍ നാല്പതോളം സ്‌ക്രിപ്റ്റുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അതില്‍ നമ്പര്‍ വണ്ണായി നില്‍ക്കുന്നത് ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള തന്നെയാണെന്ന് സംശയമൊന്നുമില്ലാതെ എനിക്ക് പറയാന്‍ സാധിക്കും.
ഈ സിനിമയുടെ കഥയോടും ഇതിന്റെ കഥാപാത്രങ്ങളോടും ഒരു പ്രത്യേക ആകര്‍ഷണമുണ്ടാകും. ആ സ്‌ക്രിപ്റ്റ് വായിച്ചുകഴിഞ്ഞാലോ, അല്ലെങ്കില്‍ കേട്ടാലോ നമ്മുടെ മനസില്‍ നിന്ന് അത് എടുത്തുകളയാന്‍ സാധിക്കില്ല. അതുപോലൊരു സബ്ജക്ടായിട്ടാണ് എനിക്ക് ഈ സിനിമയെ തോന്നിയത്. അക്കാരണം കൊണ്ടാണ് കഥ കേട്ടതും ഓക്കെ പറഞ്ഞത്,’ മാധവ് സുരേഷ് പറയുന്നു.
നവാഗതനായ പ്രവീണ്‍ നാരായണനാണ് ജെ.എസ്.കെ. സംവിധാനം ചെയ്തിരിക്കുന്നത്. റിലീസിന് മുമ്പ് സെന്‍സര്‍ ബോര്‍ഡ് റിലീസ് തടയുകയും പേര് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. സുരേഷ് ഗോപിക്ക് പുറമെ അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
Content Highlight: Madhav Suresh saying Janaki Vs State of Kerala is the best script he heard till date