ശിവകാർത്തികേയനെ നായകനാക്കി മുരുകദോസ് സംവിധാനം ചെയ്യുന്ന മദ്രാസി റിലീസിന് തയാറെടുക്കുകയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. കന്നഡ താരം രുക്മിണി വസന്താണ് നായിക. വിദ്യുത് ജംവാൾ വില്ലനായെത്തുന്ന ചിത്രത്തിൽ മലയാളി താരം ബിജു മേനോനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
സിക്കന്ദർ എന്ന ചിത്രത്തിന്റെ വലിയ പരാജയത്തിന് ശേഷം മുരുഗദോസിന്റെ ഗംഭീര തിരിച്ച് വരവായിരിക്കും ചിത്രമെന്നാണ് ആരാധകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ആ പ്രതീക്ഷകൾക്ക് കരുത്തുപകരുന്ന അടിപൊളി ട്രെയ്‌ലർ പങ്കുവെച്ചിരിക്കുകയാണ് മദ്രാസിയുടെ അണിയറപ്രവർത്തകർ.
റൊമാന്റിക് ഹീറോയായും അസാധ്യ ടൈമിങ് ഉള്ള കോമഡീയനായെല്ലാം പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത ശിവകർത്തികേയെന്റെ ഇതുവരെ കാണാത്ത അവതാരമായിരിക്കും മദ്രാസിയിലേതെന്ന് ട്രെയ്‌ലർ ഉറപ്പുനൽകുന്നു. ആക്ഷനും ത്രില്ലറിനും പ്രാധാന്യം നൽകുന്ന ചിത്രം ശിവകാർത്തികേയന്റെ കരിയറിലെ നാഴികക്കല്ലായി മാറുമെന്നാണ് ട്രെയ്‌ലർ പുറത്തിറങ്ങിയതിന് ശേഷം സോഷ്യൽ മീഡിയ പറയുന്നത്.
തുപ്പാക്കി, അഞ്ചാൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ വിദ്യുത് ജംവാൾ എ. ആർ. മുരുഗദോസുമായി കൈകോർക്കുന്ന രണ്ടാമത്തെ സിനിമയാണ് മദ്രാസി. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഹിറ്റ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ട്രെയ്‌ലറിന് കൂടുതൽ ജീവൻ പകരുന്നതായിരുന്നു.
തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും. ഹിന്ദിയിൽ ദിൽ മദ്രാസി എന്ന പേരിലായിരിക്കും മദ്രാസി റിലീസ് ചെയ്യുക. സെപ്റ്റംബർ അഞ്ചിന് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.
Content Highlight: Madharaasi movie’s trailer is out