100 കോടി കിട്ടിയിട്ടും ഫ്‌ളോപ്പ്, കൈയില്‍ വന്ന തുപ്പാക്കി സൂക്ഷിക്കാനാകാതെ ശിവകാര്‍ത്തികേയന്‍
Indian Cinema
100 കോടി കിട്ടിയിട്ടും ഫ്‌ളോപ്പ്, കൈയില്‍ വന്ന തുപ്പാക്കി സൂക്ഷിക്കാനാകാതെ ശിവകാര്‍ത്തികേയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th September 2025, 4:47 pm

തമിഴില്‍ നിലവില്‍ ഏറ്റവും ജനപ്രീതിയുള്ള താരമാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനായി കരിയറാരംഭിച്ച ശിവ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമാലോകത്ത് സജീവമായത്. നായകനായി അരങ്ങേറിയ ശിവകാര്‍ത്തികേയന്‍ വളരെ വേഗത്തില്‍ ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയും ഇഷ്ടം നേടാന്‍ താരത്തിന് സാധിച്ചു.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലും എസ്.കെയുടെ സാന്നിധ്യമുണ്ടായിരുന്നു. വിജയ്‌യോടൊപ്പമുള്ള സീന്‍ ശിവയുടെ കരിയറില്‍ വലിയ ഇംപാക്ടുണ്ടാക്കി. പിന്നാലെയെത്തിയ അമരനും ഗംഭീര വിജയമായപ്പോള്‍ ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ ശിവ സ്ഥാനം സ്വന്തമാക്കുമെന്ന് പലരും വിധിയെഴുതി.

എന്നാല്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മദരാശി പ്രതീക്ഷക്കൊത്ത് ഉയരാതെ പോയിരുന്നു. സിക്കന്ദറിന് ശേഷം എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. ആക്ഷന്‍ റോളുകളിലേക്കുള്ള ശിവയുടെ ചുവടുമാറ്റം പ്രേക്ഷകര്‍ക്ക് ദഹിക്കാതെ പോയതാണ് മദരാശിക്ക് തിരിച്ചടിയായത്.

റിലീസ് ചെയ്ത് 13ാം ദിവസം 100 കോടി ക്ലബ്ബില്‍ ചിത്രം ഇടംനേടിയെങ്കിലും സാമ്പത്തികപരമായി ചിത്രം നഷ്ടമാണെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. 120 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ബ്രേക്ക് ഈവനാകണമെങ്കില്‍ പോലും 180 കോടി വേണമെന്നിരിക്കെയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ കിതക്കുന്നത്. പല സ്‌ക്രീനുകളില്‍ നിന്നും മദരാശി നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.

 

വിജയ്‌യുടെ കൈയില്‍ നിന്ന് തുപ്പാക്കി വാങ്ങുന്ന സീനിന് പിന്നാലെ പലരും ശിവകാര്‍ത്തികേയനെ വിജയ്‌യുടെ പിന്‍ഗാമിയായി കണക്കാക്കിയിരുന്നു. എന്നാല്‍ വിജയ്‌യുടെ സ്റ്റാര്‍ഡത്തിന് ഒപ്പം നില്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് മദരാശിയുടെ ബോക്‌സ് ഓഫീസ് പ്രകടനത്തിന് പിന്നാലെ ആരാധകര്‍ അഭിപ്രായപ്പെടുന്നത്. നെഗറ്റീവ് റിവ്യൂ ലഭിച്ച സിനിമ പോലും നിര്‍മാതാവിനെ സേഫാക്കാന്‍ വിജയ്ക്കുള്ള കഴിവ് മറ്റൊരു നടനുമില്ലെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ബോളിവുഡ് താരം വിദ്യുത് ജംവാള്‍, കന്നഡ താരം രുക്മിണി വസന്ത്, മലയാളി താരം ബിജു മേനോന്‍ എന്നിവര്‍ മദരാശിയില്‍ അണിനിരന്നിട്ടുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് തിരക്കഥയാണ് വില്ലനായത്. വിജയ് കൊടുത്ത തുപ്പാക്കി ശിവകാര്‍ത്തികേയന് സൂക്ഷിക്കാനായില്ലെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

Content Highlight: Madharaasi movie got flop tag even got 100 crore from Box Office