അബ്ദുല്‍ നാസര്‍ മഅ്ദനി ജയില്‍ മോചിതനായി
Daily News
അബ്ദുല്‍ നാസര്‍ മഅ്ദനി ജയില്‍ മോചിതനായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th July 2014, 7:42 pm

[] ബംഗളുരു: നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട്  പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി ജയില്‍ മോചിതനായി. സുപ്രീം കോടതി ജാമ്യമനുവദിച്ചിരുന്നെങ്കിലും നാലു കോടതികളില്‍  അറസ്റ്റ് വാറണ്ട് നിലനിന്നിരുന്നതിനാല്‍ മോചനം സംബന്ധിച്ച നടപടികള്‍ അനിശ്ചിതത്വത്തിന് വഴി വെച്ചിരുന്നു.

സുപ്രീം കോടതിയുടെ ഉത്തരവിനനുസൃതമായി നടപടികള്‍ പൂര്‍ത്തിയായിട്ടും കര്‍ണാടക സര്‍ക്കാറിന്റെ നിഷേധാത്മക നിലപാടാണ് മഅ്ദനിയുടെ ജാമ്യം വൈകുന്നതിന് കാരണമെന്ന് പി.ഡി.പി നേതാക്കന്‍മാര്‍ ആരോപിച്ചിരുന്നു.

മഅ്ദനിയുടെ ജാമ്യക്കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കുടുംബാംഗങ്ങള്‍  അറിയിച്ചു. മഅ്ദനിയ്ക്ക് നഗരത്തിലെ സ്വകാര്യ ഫഌറ്റിലായിരിക്കും താമസ സൗകര്യം ഒരുക്കുക. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 9 മണിയോടു കൂടി വൈല്‍ഡ്ഫീഡിലുളള സൗഖ്യ ആയുര്‍വേദ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടു പോകും.

അതിനിടെ മഅ്ദനിക്കെതിരെ കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉള്‍പ്പടെ പുറപ്പെടുവിച്ച വാറണ്ടുകള്‍ പിന്‍വലിച്ചതാണ് നടപടികള്‍ വേഗത്തിലാക്കിയത്. എറണാകുളം കോടതി പുറപ്പെടുവിച്ച വാറണ്ടും ഇന്ന് പിന്‍വലിച്ചിരുന്നു. ശാസ്താംകോട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു വാറണ്ട്. വാറണ്ട് ഒഴിവാക്കണമെന്ന മഅ്ദനിയുടെ അഭിഭാഷകന്റെ ഹര്‍ജിയിലാണ് നടപടിയുണ്ടായത്.

നഗരത്തിലെ മണിപ്പാല്‍, അഗര്‍വാള്‍ ആശുപത്രികളിലും സൗക്യ ആയുര്‍വ്വേദ ആശുപത്രിയിലുംമാകും ചികിത്സ നല്‍കുക. രൂക്ഷമായ പ്രമേഹം നിയന്ത്രിക്കുന്നതിനും പ്രോസറ്റേറ്റ് പ്രശ്‌നത്തിനും ഉളള ചികിത്സയുമായിരിക്കും മണിപ്പാലില്‍ നല്‍കുക. പ്രമേഹം രൂക്ഷമായതു കാരണം നേത്രപടലങ്ങളിലെ ഞരമ്പുകള്‍ മുറിയുന്നതിനുളള ലേസര്‍ ചികിത്സയാണ് അഗര്‍വാള്‍ ആശുപത്രിയില്‍ നല്‍കുക. ചുരങ്ങിയത് മൂന്ന് മാസത്തെ ചികിത്സയെങ്കിലും വേണ്ടി വരുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍ ഐസക് മത്തായി വ്യക്തമാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷ മഅ്ദനിയ്ക്ക് നല്‍കുന്നതിനൊപ്പം തന്നെ പോലീസ് നിരീക്ഷണം ശക്തമാക്കാനാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം.