മഅദനിക്ക് ഇടക്കാല ജാമ്യം
Daily News
മഅദനിക്ക് ഇടക്കാല ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2014, 3:19 pm

madani-767[] ന്യൂദല്‍ഹി: ബാംഗളുരു സ്‌ഫോടനക്കേസില്‍ ജയില്‍വാസം അനുഭവിക്കുന്ന പിഡിപി നേതാവ് അബ്ദുല്‍നാസര്‍ മഅദനിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

ഉപാധികളോടെ ഒരു മാസത്തേക്കാണ് ജാമ്യം. ബംഗളുരു വിട്ട് പോകരുതെന്നും കര്‍ണാടക സര്‍ക്കാരിന് മഅദനിയെ നിരീക്ഷിക്കാമെന്നും  ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞു.  അസുഖവും നാലു വര്‍ഷത്തെ ജയില്‍വാസവും കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

കഴ്ച്ചശക്തി കുറഞ്ഞതിനാല്‍ സ്വന്തം നിലയ്ക്ക് ചികിത്സ തേടാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം പരിഗണിച്ച്  ജസ്റ്റിസ് ജെ. ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങുന്ന മഅദനി സാക്ഷികളെ സ്വാധീനിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

മദനിക്കെതിരെ നിര്‍ണായ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

ബാംഗ്‌ളുരുവില്‍ നടന്ന  8 സ്‌ഫോടനങ്ങള്‍ക്ക് പുറമെ 4 നഗരങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെയും സൂത്രധാരനാണ് മദനിയെന്നുമാണ് കര്‍ണാടകയുടെ വാദം. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളിയ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ് മഅദനിക്ക് വേണ്ടി ഹാജരായത്.

ജാമ്യം അനുവദിച്ച നടപടി ഏറെ സന്തോഷകരമെന്ന് പി.ഡി.പി നേതൃത്വം അറിയിച്ചു. നീതിക്കു നേരെ കര്‍ണാടക കണ്ണടച്ചത് കോടതി തുറന്നുകാട്ടിയെന്നും പി.ഡി.പി പ്രതികരിച്ചു.

സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് മദനിയുടെ ഭാര്യ സുഫിയ മഅദനിപറഞ്ഞു. ദൈവത്തോട് നന്ദി പറയുന്നു. ഒരു റമദാന്‍ മാസത്തിലാണ് അദ്ദേഹത്തെ പിടിച്ചു കൊണ്ട് പോയത്, മറ്റൊരു റമദാന്‍ മാസത്തില്‍ അദ്ദേഹത്തെ വിട്ട്‌കൊണ്ട് കോടതി വിധി വന്നിരിക്കുന്നു.

തനിക്ക് ബാംഗളുരുവില്‍ പോവാനുള്ള അനുമതി കോടതി നല്‍കണമെന്നും ഇതിനായി അഭിഭാഷകനുമായി സംസാരിച്ചെന്നും സുഫിയ മദനി പറഞ്ഞു.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി 9 വര്‍ഷം കോയമ്പത്തുര്‍ ജയില്‍ കഴിഞ്ഞ മഅദനിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി 2007 ഓഗസ്റ്റ് 1ന് കോടതി വെറുതെ വിടുകയായിരുന്നു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മഅദനിക്ക് ബി കാറ്റഗറി സുരക്ഷയേര്‍പ്പെടുത്തുകയും കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.