കോണ്‍ഗ്രസിനും ബി.ജെ.പിക്കും തന്റെ കാര്യത്തില്‍ ഒരേ സമീപനം -മഅ്ദനി
Daily News
കോണ്‍ഗ്രസിനും ബി.ജെ.പിക്കും തന്റെ കാര്യത്തില്‍ ഒരേ സമീപനം -മഅ്ദനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th July 2014, 2:45 pm

madani[]ബംഗളൂരു: തന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ സമീപനമായിരുന്നുവെന്ന് ജാമ്യത്തിലിറങ്ങിയ പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി.

മാധ്യമങ്ങളോടും കേരളത്തിലെ ജനങ്ങളോടും കടപ്പെട്ടിരുക്കുന്നു. തന്റെ വഷളാവുന്ന ആരോഗ്യസ്ഥിതി ബോധ്യപ്പെട്ടാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് മഅ്ദനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കര്‍ണാടക സര്‍ക്കാരിന്റെ നിലപാടില്‍ ഉമ്മന്‍ചാണ്ടിയും സുധീരനുമടക്കമുള്ള നേതാക്കള്‍ക്ക് പോലും അത്ഭുതമുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് അവരുടെ രാഷ്ടീയം ജനങ്ങളുടെ മനഃശാസ്ത്രം എന്നിവ അനുസരിച്ചാവും.
കോടതിയില്‍ കര്‍ണാടകയുടെ വാദം തന്നെ അത്ഭുതപ്പെടുത്തി.തന്റെ ജാമ്യം അനുവദിക്കാതിരിക്കാന്‍ ഒരോ തവണയും അവര്‍ പുതിയ പുതിയ വാദങ്ങള്‍ ഉന്നയിക്കുന്നു. ജയില്‍ മോചിതനായ ശേഷം ബംഗളൂരു സൗഖ്യ ആശുപത്രിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഅ്ദനി.

ചില ഘട്ടങ്ങളില്‍ പി.ഡി.പി സ്വീകരിച്ച നിലപാടുകള്‍ താന്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടാവാം.കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തെ പിന്തുണച്ചത് തെറ്റാണെന്ന് തോന്നുന്നില്ല. എന്നാല്‍ അത് ഇടതുപാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയാക്കി. അവരെ ബുദ്ധിമുട്ടിലാക്കുന്ന വിധത്തില്‍ പാര്‍ട്ടിബന്ധം തുടരുന്നതില്‍  പി.ഡി.പിക്ക് താത്പര്യം ഇല്ലായിരുന്നു.

പി.ഡി.പിയുടെ നയങ്ങളെ രൂക്ഷ വിമര്‍ശനത്തിനു വിധേയമക്കാറുള്ള ലീഗ് താന്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണ് തന്റെ കാര്യത്തില്‍ ഇടപട്ടതെന്നും മഅ്ദനി ചൂണ്ടിക്കാട്ടി.

സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച് തന്റെ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള കത്ത് രാഷ്ട്രപതിക്കും കര്‍ണാക സര്‍ക്കാരിനും കേരള നേതാക്കള്‍ക്കും എത്തിച്ചിരുന്നു.

തന്റെ സാഹചര്യങ്ങള്‍ വിശദമാക്കികൊണ്ട് 40 പേജുകള്‍ വരുന്ന കത്തില്‍ തന്നെ വെറുതെ വിടണമെന്നോ ജാമ്യം അനുവദിക്കണമെന്നോ താന്‍ ആവശ്യപ്പെട്ടില്ല. പകരം പുനരന്വേഷണം വേണമെന്നും താന്‍ കുറ്റവാളിയെന്നു തെളിഞ്ഞാല്‍ തൂക്കിലേറ്റുക, നിരപരാധിയെന്ന് തെളിഞ്ഞാല്‍ വെറുതെ വിടുക എന്നതുമാണ്  ആവശ്യപ്പെട്ടതെന്നും മഅ്ദനി അറിയിച്ചു.